കൊച്ചി: ജന്തർ മന്തറിലെ സി.ജെ.പി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം വിവാദമായതോടെ വിശദീകരണവുമായി അവതാരക പേളി മാണി. തന്റെ വാക്കുകൾ ആളുകളെ വേദനിപ്പിച്ചെന്നും അത് ഒഴിവാക്കപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീഡിയയിലൂടെ താരം വീഡിയോ പങ്കുവെച്ചത്. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ തനിക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. 'എല്ലാവരും വീട്ടിലേക്ക് മടങ്ങൂ' എന്നല്ല താൻ പറഞ്ഞതെന്നും അങ്ങനെ പറയാൻ താൻ ആളല്ലെന്നും പേളി കൂട്ടിച്ചേർത്തു. നേരത്തെ പങ്കുവെച്ച കുറിപ്പിലെ ഓരോ വരികളും വിശദീകരിച്ചുകൊണ്ടാണ് പേളിയുടെ പുതിയ വീഡിയോ.
"പോസ്റ്റിട്ട് കുറച്ചുസമയം കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ഭൂരിഭാഗം പേരും കുറിപ്പിന്റെ നല്ല വശമാണ് കണ്ടത്. എന്നാൽ പിന്നീട് താൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിലുള്ള വ്യാഖ്യാനങ്ങൾ വരാൻ തുടങ്ങി. എല്ലാവരും സുരക്ഷിതരായിരിക്കണം എന്ന ചിന്തയിലാണ് അന്ന് സംസാരിച്ചത്. ഭയത്തിൽ നിന്നും വലിയ മനോവിഷമത്തിൽ നിന്നുമാണ് ആ വാക്കുകൾ ഉണ്ടായത്," പേളി പറഞ്ഞു.
"വലിയ സങ്കടം തോന്നി. എഴുതാത്ത കാര്യങ്ങൾ ഇത്രയും മോശമായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ സ്വാതന്ത്ര്യസമര സേനാനികളുടെ ശവകുടീരത്തിൽ തുപ്പുന്നത് പോലെയാണ് തോന്നിയത്. സത്യസന്ധമായി എഴുതിയ കാര്യം അങ്ങനെ ചിത്രീകരിക്കപ്പെട്ടത് ഏറെ വേദനിപ്പിച്ചു. ആദ്യം അത് അവഗണിച്ചെങ്കിലും കമന്റ് ബോക്സിലും അതേ പോസ്റ്റുകൾ വന്നതോടെ ദേഷ്യം വരികയും സ്റ്റോറി പങ്കുവെക്കുകയുമായിരുന്നു. എന്നാൽ ആ സ്റ്റോറിയിൽ പറഞ്ഞ ഒരു കാര്യം വലിയ തെറ്റായിരുന്നു. അതുകൊണ്ടാണ് 20 മിനിറ്റിനകം അത് ഡിലീറ്റ് ചെയ്തത്. 'പരാജയപ്പെട്ട സിനിമാ നിർമ്മാതാവ്' എന്ന് വിശേഷിപ്പിച്ചത് വലിയ തെറ്റായിപ്പോയി. അതിൽ നിർവ്യാജം ക്ഷമ ചോദിക്കുകയാണ്. അങ്ങനെയൊന്ന് ചെയ്യാൻ പാടില്ലായിരുന്നു. എന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാക്കാൻ വ്യാഖ്യാനങ്ങളുണ്ടായി. ഈ വിഷയത്തിലേക്ക് സിബി മലയിൽ സാറിനെ എങ്ങനെ ബന്ധിപ്പിച്ചു എന്ന് മനസ്സിലാകുന്നില്ല," പേളി വ്യക്തമാക്കി.
"നിങ്ങളുടെ മുന്നിലാണ് ഞാൻ വളർന്നത്. എല്ലാ കാര്യങ്ങളും നിങ്ങളോട് പങ്കുവെച്ചിട്ടുമുണ്ട്. ഞാനും ഒരു സാധാരണ മനുഷ്യനാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും എനിക്ക് സുഹൃത്തുക്കളുണ്ട്. എല്ലാ പാർട്ടികളെയും എനിക്ക് ഇഷ്ടമാണ്. അതിലും വ്യക്തത വേണമെന്ന് തോന്നി. താൻ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഉത്തരവാദിത്തം ഉണ്ടായിരിക്കണം. ചില പോരായ്മകളുണ്ട്, അത് ക്ഷമിക്കണം, താൻ തിരുത്താം," പേളി മാണി കൂട്ടിച്ചേർത്തു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്ക് പിന്നാലെ പേളി മാണിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. സോഷ്യൽ മീഡിയയിൽ അഞ്ച് ലക്ഷത്തോളം പേരാണ് പേളിയെ അൺഫോളോ ചെയ്തത്. ഇതിന് പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.





