കൊച്ചി: സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രി വി. ഡി. സതീശന്റെ പേര് ബഹുമാനമില്ലാതെ പരാമർശിച്ചെന്നാരോപിച്ച് മിമിക്രി കലാകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന് നേരെ സൈബർ ആക്രമണം. അയർലൻഡിൽ നടന്ന പരിപാടിയിൽ വി. ഡി. സതീശന്റെ ശബ്ദാനുകരണത്തിനിടെ എൽ.ഇ.ഡി വാളിൽ കാണിക്കേണ്ട ചിത്രത്തിന്റെ ഫയൽ നാമം സൂചിപ്പിക്കാനായി മൈക്കിലൂടെ 'വി. ഡി. സതീശൻ' എന്ന് പറയുകയായിരുന്നു. ഇതിനൊപ്പം 'സർ' എന്നോ 'മുഖ്യമന്ത്രി' എന്നോ കൂട്ടിച്ചേർത്തില്ലെന്ന് ആരോപിച്ച് തനിക്കെതിരെ മോശം പരാമർശങ്ങളും അധിക്ഷേപങ്ങളും നടത്തുകയാണെന്ന് മഹേഷ് കുഞ്ഞുമോൻ വ്യക്തമാക്കുന്നു.
പരിപാടിക്കിടയിലെ ഈ ഭാഗം മാത്രം വെട്ടിമാറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് താൻ കടുത്ത സൈബർ അതിക്രമത്തിന് ഇരയായതെന്ന് മഹേഷ് പറയുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം മഹേഷ് കുഞ്ഞുമോൻ തന്നെ സോഷ്യൽ മീഡിയയിൽ വിഷയം പങ്കുവെക്കുകയായിരുന്നു. താൻ പറഞ്ഞ വാക്കുകൾ ആർക്കെങ്കിലും മനോവിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ആരെയും വ്യക്തിപരമായി വേദനിപ്പിക്കാനോ അപമാനിക്കാനോ ആഗ്രഹിച്ചിട്ടില്ലെന്നും എല്ലാവരോടും ഒരേപോലെ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് താനെന്നും മഹേഷ് വ്യക്തമാക്കി.
അതേസമയം, എന്തെങ്കിലും എതിരഭിപ്രായങ്ങളുണ്ടെങ്കിൽ അത് മാന്യമായി പ്രകടിപ്പിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നതായും മഹേഷ് കൂട്ടിച്ചേർത്തു. വ്യക്തിഹത്യ നടത്തുന്നതും അധിക്ഷേപിക്കുന്നതുമായ സന്ദേശങ്ങൾ ഒരാളിൽ വലിയ മാനസിക പ്രയാസമുണ്ടാക്കും. അന്യോന്യം ബഹുമാനിക്കാനും മനുഷ്യത്വം പുലർത്താനും എല്ലാവരും ശ്രദ്ധിക്കുമെന്ന് കരുതുന്നതായി മഹേഷ് കുഞ്ഞുമോൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.





