കൊച്ചി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണി നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തിന് വൻതോതിൽ ഫോളോവേഴ്സിനെ നഷ്ടമായി. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 5.7 മില്യണിൽ നിന്ന് 5.5 മില്യണായാണ് ഇടിഞ്ഞത്. രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സിന്റെ കുറവാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഇതിനുപുറമേ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നീറ്റ് (NEET) ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളോട് ജീവൻ അപകടത്തിലാക്കാതെ സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പേളിയുടെ പോസ്റ്റാണ് വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായത്.
'കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വളരെ വേദനാജനകമായിരുന്നു. അത് നമ്മെ അല്പസമയം ഒന്നു ചിന്തിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കളുടെ ശക്തിയും ഐക്യവും നിശ്ചയദാർഢ്യവും നാം നേരിട്ടുകണ്ടു. വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പരിക്കേറ്റ ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കണ്ടു. ആർക്കും പരുക്കേൽക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങുക,' എന്നാണ് പേളി കുറിച്ചിരുന്നത്.
തുടർന്ന്, 'ഈ പ്രക്ഷോഭത്തിന്റെ യഥാർഥ ലക്ഷ്യം ഒരിക്കലും വഴിതിരിഞ്ഞു പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏതൊരു ജനകീയ പ്രസ്ഥാനവും ഇത്രയും വലുതാകുമ്പോൾ, വികാരങ്ങൾ ആഞ്ഞടിക്കും. വ്യത്യസ്ത ശബ്ദങ്ങൾ ഉയർന്നുവരാം, വിഷയം കൂടുതൽ സങ്കീർണമാകാം. എന്നാൽ ശ്രദ്ധ എപ്പോഴും വിദ്യാർത്ഥികളിലും, അവർ കെട്ടിപ്പടുക്കാൻ ആവശ്യപ്പെടുന്ന ഭാവിയിലും തന്നെ നിലനിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. സമാധാനപരമായ ആശയപ്രകടനത്തിനുള്ള അവകാശത്തിൽ ഞാൻ വിശ്വസിക്കുന്നു. അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അക്രമത്തെ ഞാൻ പിന്തുണയ്ക്കുന്നില്ല,' എന്നും പേളി വ്യക്തമാിയിരുന്നു. ഈ നിലപാടിന് പിന്നാലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ താരത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.





