മലയാള ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ താരദമ്പതികൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ ജോജു ജോർജ്. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് മലയാളത്തിലെ പ്രമുഖനായ ഒരു നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ ആസൂത്രിതമായി പി.ആർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ജോജു വെളിപ്പെടുത്തിയത്.
ഇവർക്കു പുറമേ, ഇൻഡസ്ട്രിയിലെ മറ്റു പല പ്രമുഖ അഭിനേതാക്കളും പണം നൽകിയുള്ള പി.ആർ പ്രചാരണങ്ങളിൽ പങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പുതിയ ചിത്രമായ ‘വരവ്’ റിലീസ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാൽ ആരോപണവിധേയരായ താരദമ്പതിമാർ ആരാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. തനിക്കെതിരെയും തന്റെ സിനിമയായ ‘വരവി’നെതിരെയും നടക്കുന്ന ബോധപൂർവ്വമായ നെഗറ്റീവ് ക്യാമ്പെയ്നുകൾക്കെതിരെയും ജോജു പ്രതികരിച്ചു.
ഷാജി കൈലാസ് സംവിധാനം നിർവ്വഹിച്ച ‘വരവ്’ എന്ന ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് നിലവിൽ മോശം പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൻ ബജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം, ഹൈറേഞ്ച് പശ്ചാത്തലത്തിൽ തോട്ടം ഉടമകൾക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്.





