Malayali Media
Entertainment

'പോരാട്ടം പവർ ഗ്രൂപ്പിനെതിരെ' ശ്വേത മേനോൻ

'കുറ്റാരോപിതർ അമ്മയുടെ നേതൃത്വത്തിൽ എത്തില്ല' നിലപാട് വ്യക്തമാക്കി

21 Jul 202638 views 3 min read
'പോരാട്ടം പവർ ഗ്രൂപ്പിനെതിരെ' ശ്വേത മേനോൻ
Advertisement

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ നടന്ന നാടകീയമായ സംഭവവികാസങ്ങൾക്കും രാജി വിവാദങ്ങൾക്കും പിന്നാലെ നിലപാട് വ്യക്തമാക്കി നടി ശ്വേത മേനോൻ വീണ്ടും രംഗത്ത്. തന്റെ പോരാട്ടം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനെതിരെയാണെന്ന് പുതിയ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അവർ വ്യക്തമാക്കി. താൻ തുടരുന്നിടത്തോളം കാലം ആരോപണവിധേയരായ വ്യക്തികൾ ഒരിക്കലും അമ്മയുടെ തലപ്പത്തേക്ക് എത്തില്ലെന്നും, ഈ തീരുമാനം ഉറപ്പാക്കാൻ ഏതറ്റം വരെ പോകാനും താൻ തയ്യാറാണെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

സംഘടനയിലെ ചിലരെ കരുവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതർ തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചതായി അവർ പറഞ്ഞു. ഇവർക്കെതിരെയുള്ള തന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരകളെ എക്കാലത്തും ചേർത്തുപിടിച്ചിട്ടുണ്ടെന്നും, അത് ഒരിക്കലും വ്യക്തിപരമായ നേട്ടങ്ങൾക്കോ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനോ വേണ്ടിയിട്ടുള്ളതായിരുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. ചില വ്യക്തികളുടെ സാമ്പത്തിക ക്രമക്കേടുകൾ ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടി നൽകുന്നതിന് പകരം തനിക്ക് നേരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ അഴിച്ചുവിടുകയായിരുന്നുവെന്നും ശ്വേത ആരോപിച്ചു.

തനിക്കെതിരെ ഉയർന്ന ബിജെപി ബന്ധം സംബന്ധിച്ച ആരോപണങ്ങൾക്കും താരം കൃത്യമായ മറുപടി നൽകി. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ തനിക്ക് കോടികൾ നൽകേണ്ടി വന്നുവെന്ന് പറയുന്നതിലെ യുക്തിയെന്താണെന്ന് അവർ ചോദിക്കുന്നു.

ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് ചായ്‌വുള്ള ആളാണെങ്കിൽ അക്കാര്യം മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും, അത് തുറന്നു പറയുന്നതുകൊണ്ട് തനിക്ക് യാതൊരു നഷ്ടവും സംഭവിക്കാനില്ലെന്നും ശ്വേത ചൂണ്ടിക്കാട്ടി. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഐഎം, കോൺഗ്രസ്, ബിജെപി തുടങ്ങിയ പാർട്ടികളോട് ആഭിമുഖ്യമുള്ള ഒട്ടേറെ അംഗങ്ങളുണ്ട്. അവരാരും ഉന്നയിക്കാത്ത ആരോപണങ്ങളാണ് ചിലർ മാത്രം നിരന്തരം ആവർത്തിക്കുന്നത്. മതവും രാഷ്ട്രീയവും വർഗീയതയും കലർത്തി അമ്മയെ വിഭജിക്കാൻ ശ്രമിക്കരുതെന്നാണ് തനിക്കെതിരെ നിരന്തരം അപവാദം പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളതെന്ന് ശ്വേത മേനോൻ വ്യക്തമാക്കി. ആരെയും ഭയന്ന് പിന്മാറാനോ കീഴടങ്ങാനോ തയ്യാറല്ലെന്നും സത്യങ്ങൾ ഉറക്കെ വിളിച്ചു പറയുക തന്നെ ചെയ്യുമെന്നും അവർ വ്യക്തമാക്കി.

Advertisement

Comments

Add a Comment

Our Channels

'പോരാട്ടം പവർ ഗ്രൂപ്പിനെതിരെ' ശ്വേത മേനോൻ | Malayali Media