തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയനടി സിമ്രാൻ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളെക്കുറിച്ചും കൃത്രിമ ചികിത്സകളെക്കുറിച്ചും നടത്തിയ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. സൗന്ദര്യം കൂട്ടാനുള്ള ഇത്തരം ചികിത്സാരീതികളെ തനിക്ക് ഭയമാണെന്നാണ് താരം വ്യക്തമാക്കുന്നത്. യോഗ, ധ്യാനം, ജിം, നൃത്തം എന്നിവയിലൂടെയാണ് താൻ തന്റെ സൗന്ദര്യം നിലനിർത്തുന്നതെന്നും സിമ്രാൻ കൂട്ടിച്ചേർക്കുന്നു.
മുഖത്തിന്റെ ഘടന തന്നെ മാറ്റുന്ന ബോട്ടോക്‌സ്, ഫില്ലറുകൾ തുടങ്ങിയ നിരവധി ചികിത്സാരീതികൾ ഇന്ന ലഭ്യമാണ്.
സൗന്ദര്യത്തിനായി ഇഞ്ചെക്ഷനുകളും മെഡിക്കൽ ചികിത്സകളും നടത്തുന്നവരെ താൻ കണ്ടിട്ടുണ്ടെന്നും, എന്നാൽ ഭാവിയിലെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇത്തരം കാര്യങ്ങളെ തനിക്ക് ഭയമാണെന്നും നടി പറയുന്നു. കഴിയുമെങ്കിൽ ഇത്തരം ട്രീറ്റ്‌മെന്റുകൾ ഒഴിവാക്കി ധ്യാനം, യോഗ, വ്യായാമം, നൃത്തം എന്നിവയിലേതെങ്കിലും ശീലമാക്കാൻ താരം നിർദ്ദേശിക്കുന്നു.
സ്വാഭാവികമായ രീതിയിൽ ശരീരം വിയർക്കുകയാണ് വേണ്ടതെന്നും തന്റെ മുഖത്തിന്റെ ഘടന മാറുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും താരം വ്യക്തമാക്കുന്നു. കൂടാതെ, ഇത്തരം ചികിത്സകൾ വളരെ ചെലവേറിയതാണെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു വർഷത്തേക്ക് ജിമ്മിന് നൽകേണ്ട 25,000 രൂപ കൊടുക്കാൻ മടിക്കുന്നവർ 25,000 രൂപയ്ക്ക് മുകളിൽ ചെലവഴിച്ചാണ് ഇത്തരം സൗന്ദര്യ ചികിത്സകൾ ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള എളുപ്പവഴികൾ ഒന്നും ശാശ്വതമായി വിജയിക്കില്ലെന്നും സിമ്രാൻ അഭിപ്രായപ്പെട്ടു.





