Malayali Media
Entertainment

ഹേമ കമ്മിറ്റി റിപ്പോർട്ട്: അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമോ?; ശ്വേതയോട് ചോദ്യങ്ങളുമായി വിനയൻ

22 Jul 20261 views 3 min read
ഹേമ കമ്മിറ്റി റിപ്പോർട്ട്: അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമോ?; ശ്വേതയോട് ചോദ്യങ്ങളുമായി വിനയൻ
Advertisement

കൊച്ചി: താരസംഘടനയിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കിടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ശ്വേത മേനോൻ നടത്തിയ പ്രതികരണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വിനയൻ രംഗത്തെത്തി. 'അമ്മ'യിലെ പവർ ഗ്രൂപ്പിനെതിരെ ശ്വേത ആത്മാർത്ഥമായ നിലപാടാണോ സ്വീകരിക്കുന്നത് എന്ന് വിനയൻ ചോദിച്ചു. ഇതുവരെയും സംഘടനയിലെ ആരും തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണയ്ക്കുന്നത് കണ്ടിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർനടപടികൾ സംഘടനയ്ക്കുള്ളിലുള്ളവർ തന്നെ ഇടപെട്ട് തടസ്സപ്പെടുത്തുകയല്ലേ ചെയ്തതെന്നും അദ്ദേഹം ശ്വേതയോട് ചോദിച്ചു.

വിഷയത്തിൽ അന്വേഷണം വീണ്ടും ആരംഭിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ തയ്യാറാകുമോ എന്ന് ചോദിച്ച വിനയൻ, തനിക്കും നടൻ തിലകനും വിലക്കേർപ്പെടുത്തിയത് ഇതേ പവർ ഗ്രൂപ്പാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 141 മുതൽ 144 വരെയുള്ള പേജുകളിൽ ഇക്കാര്യം കൃത്യമായി പരാമർശിച്ചിട്ടുണ്ടെന്നും വിനയൻ ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടുത്ത ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനെതിരെയാണ് തന്റെ പോരാട്ടമെന്നും, താൻ ഉള്ളിടത്തോളം കാലം അങ്ങനെയുള്ളവർ 'അമ്മ'യുടെ നേതൃത്വത്തിലേക്ക് വരാൻ അനുവദിക്കില്ലെന്നുമാണ് ശ്വേത മേനോൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇത് ഉറപ്പുവരുത്താൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു. സംഘടനയിലുള്ള ചിലരെ കരുവാക്കി റിപ്പോർട്ടിൽ കുറ്റാരോപിതരായവർ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും അവർ ആരോപിച്ചു. ഇത്തരം ശക്തികൾക്കെതിരെയുള്ള തന്റെ പോരാട്ടം മുൻപേ തുടങ്ങിയതാണെന്നും, മാധ്യമ ശ്രദ്ധയ്ക്കോ വ്യക്തിപരമായ ലാഭങ്ങൾക്കോ വേണ്ടിയല്ലാതെ എപ്പോഴും ഇരകൾക്കൊപ്പം നിൽക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും ശ്വേത മേനോൻ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Tags:#hema committe report#amma#vinayan#shwetha menon
Advertisement

Comments

Add a Comment

Our Channels