കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ കുനാറിലെ ഒരു സ്കൂളിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 90-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രവിശ്യാ തലസ്ഥാനമായ അസദാബാദ് ജില്ലയുടെ പ്രാന്തപ്രദേശമായ അന്തർസറിലെ സ്കൂളിന് സമീപമുള്ള സംഭരണശാലയിൽ ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
ഖനന കമ്പനികളുടെ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഈ കേന്ദ്രത്തിലുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് താലിബാൻ വക്താവ് നൽകുന്ന പ്രാഥമിക സൂചന. പരിക്കേറ്റവരിൽ 15 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണെന്നും മറ്റുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടുവെന്നുമാണ് വിവരം.
പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്നും കൃത്യമായ വിവരങ്ങൾ സംബന്ധിച്ച് വ്യക്തത വരാനുണ്ടെന്നും കുനാർ പ്രവിശ്യാ പോലീസ് വക്താവ് ഫരീദ് ദെഹ്ഖാൻ അറിയിച്ചു. നേരത്തെ ഓഗസ്റ്റിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഒരു സ്കൂൾ സമുച്ചയത്തിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒൻപതിനും പതിനാലിനും ഇടയിൽ പ്രായമുള്ള 40-ലധികം കുട്ടികൾക്ക് പരിക്കേറ്റിരുന്നു.





