വാഷിങ്ടൺ: ഗ്രീൻലാൻഡിനുമേലുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഡെൻമാർക്ക് രംഗത്തെത്തി. ഗ്രീൻലാൻഡ് ഇപ്പോഴും ഡെൻമാർക്കിന്റെ ഭാഗമാണെന്നും ഈ പ്രദേശത്തിന്മേലുള്ള അധികാരത്തിന് ഡെൻമാർക്കിനല്ലാതെ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്നും വ്യക്തമാക്കിയാണ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകിയത്.
ആർട്ടിക് പ്രദേശങ്ങളുടെ അവകാശം അമേരിക്കയ്ക്കാണെന്നും പ്രദേശങ്ങൾ യു.എസിന്റെ കയ്യിൽ സുരക്ഷിതമാണെന്നുമുള്ള നിലപാടുമായി ഇന്നലെയായിരുന്നു ട്രംപ് രംഗത്തുവന്നത്. അമേരിക്ക യൂറോപ്പിന് മേൽ അധിനിവേശം നടത്തുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമർശം; നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റൂട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഗ്രീൻലാൻഡ് വിഷയം വീണ്ടും ചർച്ചയായത്.
ഇറാനുമായുള്ള യുദ്ധത്തിലും ഗ്രീൻലാൻഡ് കരാറിലും നാറ്റോ സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാത്തതിൽ ട്രംപ് അതൃപ്തി അറിയിച്ചു. അമേരിക്കയ്ക്ക് നാറ്റോയിൽ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
നാറ്റോ അംഗമായ ഡെൻമാർക്കിന്റെ അർദ്ധസ്വയംഭരണ പ്രദേശവും സൈനിക നീക്കങ്ങൾക്ക് നിർണായകവുമായ തന്ത്രപ്രധാന ആർട്ടിക് മേഖലയുമാണ് ഗ്രീൻലാൻഡ്. ഭൂമിശാസ്ത്രപരവും സൈനികവുമായ പ്രാധാന്യം മുൻനിർത്തി 1867 മുതൽ ഗ്രീൻലാൻഡ് സ്വന്തമാക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്; 2019-ലും രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം താരിഫ് യുദ്ധം പ്രഖ്യാപിച്ചും ട്രംപ് സമ്മർദ്ദം ചെലുത്തിയപ്പോഴെല്ലാം ഡെൻമാർക്ക് ഇതിനെ ശക്തമായി എതിർത്തിരുന്നു.





