വാഷിങ്ടൺ: അമേരിക്കയുടെ കർശനമായ കയറ്റുമതി നിയന്ത്രണങ്ങൾ നിലനിൽക്കെ ചൈനയിലെ ഡാറ്റാ സെന്ററിൽ എൻവിഡിയയുടെ അത്യാധുനിക ബ്ലാക്ക്‌വെൽ എ.ഐ ചിപ്പുകൾ കണ്ടെത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മുൻ മെഗാസ്പീഡ് എക്സിക്യൂട്ടീവായ ആലിസ് ഹുവാങ്ങുമായി ബന്ധമുള്ള യാങ്‌സി റിവർ ഡെൽറ്റ പ്രോജക്ടിന്റെ ഭാഗമായ ഡാറ്റാ സെന്ററിലാണ് ഷാങ്ഹായ് ഷുവോയാവോ, ഷാങ്ഹായ് കെഷാൻ എന്നീ രണ്ട് ചൈനീസ് കമ്പനികൾ ഈ സെർവറുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഷാങ്ഹായ് ഷുവോയാവോ എന്ന കമ്പനി എൻവിഡിയയുടെ ജി.ബി300 എൻ.വി.എൽ72 (GB300 NVL72) സെർവർ റാക്ക് ഈടായി നൽകി ഷാങ്ഹായ് ഇന്നൊവേഷൻ ബാങ്കിൽ നിന്ന് 96 ദശലക്ഷം യുവാൻ (ഏകദേശം 14 ദശലക്ഷം ഡോളർ) വായ്പ നേടിയിട്ടുണ്ടെന്ന് നവംബറിൽ ചൈനീസ് നിയന്ത്രണ അതോറിറ്റികൾക്ക് സമർപ്പിച്ച രേഖകളിൽ വ്യക്തമാണ്. 72 ബ്ലാക്ക്‌വെൽ അൾട്രാ ചിപ്പുകളും 36 ഗ്രേസ് പ്രോസസറുകളും അടങ്ങുന്ന, 1,500 കിലോഗ്രാമിലധികം ഭാരമുള്ള ഏറ്റവും ശക്തമായ എ.ഐ കംപ്യൂട്ടിങ് സംവിധാനങ്ങളിൽ ഒന്നാണിത്.
രണ്ടാമത്തെ കമ്പനിയായ ഷാങ്ഹായ് കെഷാനും ഇതേ ഡാറ്റാ സെന്ററിൽ ബ്ലാക്ക്‌വെൽ സാങ്കേതികവിദ്യയിലുള്ള ഒരു ജി.ബി200 (GB200) സെർവർ സ്ഥാപിക്കുകയും, 2025 അവസാനത്തോടെ ഷാങ്ഹായ് സർക്കാർ ഏജൻസിയുടെ ഉടമസ്ഥതയിലുള്ള ധനകാര്യ-ലീസിങ് സ്ഥാപനത്തിൽ നിന്ന് 90 ദശലക്ഷം യുവാൻ വായ്പ നേടുന്നതിനായി ഇത് ഈടായി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, യു.എസ് കയറ്റുമതി നിയന്ത്രണങ്ങൾ ബാധകമായ എൻവിഡിയയുടെ എച്ച്200 (H200) ചിപ്പുകൾ ഉപയോഗിച്ചുള്ള 32 സെർവറുകൾ ഇതേ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ഷാങ്ഹായ് കെഷാൻ വെളിപ്പെടുത്തി.
വാറന്റി ഡാറ്റാബേസിലെ സീരിയൽ നമ്പർ പരിശോധിച്ചതിലൂടെ തായ്‌വാൻ ആസ്ഥാനമായ ഗിഗാബൈറ്റ് ടെക്നോളജിയാണ് ജി.ബി300 സെർവർ റാക്ക് നിർമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഉപകരണം ആദ്യം വാങ്ങിയത് ആരാണെന്നോ എങ്ങനെയാണ് ചൈനയിലെത്തിയതെന്നോ വ്യക്തമല്ല. മെഗാസ്പീഡിന്റെ സേവനദാതാവാണെന്ന് സ്ഥിരീകരിച്ച ഷാങ്ഹായ് ഷുവോയാവോ, ഇരു കമ്പനികളും തമ്മിലുള്ളത് സാധാരണ വാണിജ്യ സഹകരണം മാത്രമാണെന്നാണ് വിശദീകരിക്കുന്നത്.
എൻവിഡിയയുടെ ഉപകരണങ്ങൾ ഈ ഡാറ്റാ സെന്ററിലേക്ക് വഴിതിരിച്ചുവിട്ടത് മെഗാസ്പീഡ് തന്നെയാണെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ എൻവിഡിയയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നായിരുന്ന മെഗാസ്പീഡിനെ ചിപ്പുകളുടെ അനധികൃത കൈമാറ്റത്തിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം അടുത്തിടെ യു.എസ് വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായുള്ള ബന്ധത്തിന്റെ പേരിൽ വാർത്തകളിൽ ഇടംനേടിയ ആലിസ് ഹുവാങ്, ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യു.എസ് ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.





