ന്യൂയോർക്ക്: ഡിസംബർ 16-ന് ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ പദ്ധതിയിടുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സുരക്ഷാ കാര്യത്തിൽ ബംഗ്ലാദേശിലെ തരീഖ് റഹ്‌മാൻ സർക്കാരിന് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ കർശന മുന്നറിയിപ്പ് നൽകി. ന്യൂയോർക്കിൽ നടന്ന 'ബംഗ്ലാദേശിന്റെ ഭാവി' (Bangladesh's Future) എന്ന സെമിനാറിൽ സംസാരിക്കവെയാണ് 2002 മുതൽ 2004 വരെ പെന്റഗണിൽ സേവനമനുഷ്ഠിച്ച റൂബിൻ ധാക്കയിലെ ഭരണകൂടത്തിനെതിരെ നിലപാട് വ്യക്തമാക്കിയത്.
മടങ്ങിയെത്തുന്ന ഷെയ്ഖ് ഹസീനയുടെയോ ഒപ്പമുള്ളവരുടെയോ തലമുടിക്ക് പോലും ഒരു പോറലേറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രധാനമന്ത്രി തരീഖ് റഹ്‌മാനും സർക്കാരിനും മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2024 ഓഗസ്റ്റിൽ അധികാരം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിൽ കഴിയുന്ന ഹസീന, ഈ ചടങ്ങിൽ വെർച്വലായി മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
ഈ മുന്നറിയിപ്പ് ധാക്കയിലെ ഭരണകൂടത്തിന് കൃത്യമായി കൈമാറാൻ യു.എസ് അംബാസഡറോടും മറ്റ് വിദേശ നയതന്ത്രജ്ഞരോടും റൂബിൻ ആവശ്യപ്പെട്ടു. കൂടാതെ, ഹസീനയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബംഗ്ലാദേശ് അധികാരികളുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും അവർക്കുള്ള പിന്തുണ തുടരണമെന്നും അദ്ദേഹം ഇന്ത്യയോട് അഭ്യർത്ഥിച്ചു.
പാകിസ്ഥാനെതിരായ 1971-ലെ വിമോചന യുദ്ധ വിജയത്തിന്റെ വാർഷിക ദിനമായ ഡിസംബർ 16-ന് (വിജയ് ദിവസ്) ബംഗ്ലാദേശിലേക്ക് തിരികെ എത്തുമെന്ന് ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രയ്ക്കായി റദ്ദാക്കിയ പാസ്പോർട്ട് പുനഃസ്ഥാപിച്ചു നൽകാനും ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ വിമാനം ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് ഏർപ്പാടാക്കാനും അവർ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, 2024-ലെ ജനകീയ പ്രതിഷേധങ്ങൾക്കിടയിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ടിട്ടുള്ള ഹസീന ബംഗ്ലാദേശിൽ തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് തരീഖ് റഹ്‌മാൻ സർക്കാരിന്റെ നിലപാട്. ഹസീന പുറത്തായ ശേഷം ഇടക്കാല ഭരണത്തലവൻ മുഹമ്മദ് യൂനുസിന്റെ കാലയളവിൽ ജമാഅത്തെ ഇസ്‌ലാമി പോലുള്ള ഗ്രൂപ്പുകൾ സ്വാധീനം ഉറപ്പിച്ചതായും, ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നതിനെക്കുറിച്ചും യു.എസ് എംബസിയിൽ ഇത്തരം വിഭാഗങ്ങൾ സ്വാധീനമുണ്ടാക്കിയതിനെക്കുറിച്ചും റൂബിൻ മുൻപും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.





