വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയതന്ത്ര ശ്രമങ്ങളോട് പ്രതികരിക്കാതെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. 2025 മുതൽ ഉത്തരകൊറിയയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ട്രംപ് നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും കിം ജോങ് ഉൻ മറുപടി നൽകുന്നില്ലെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ട്രംപ് തുടർച്ചയായി കിം ജോങ് ഉന്നിന് കത്തുകൾ അയക്കാറുണ്ടെന്നും വൈറ്റ് ഹൗസിൽ നിന്ന് അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെടാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു; എന്നാൽ ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇതുവരെ യു.എസിന് ലഭിച്ചിട്ടില്ല. ഉത്തരകൊറിയയുടെ ആണവനിരായുധീകരണത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് യു.എസ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നയതന്ത്ര ചർച്ചകൾ ആരംഭിക്കാൻ സാധിക്കാത്തത് ട്രംപിന് തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ ഏഷ്യൻ സന്ദർശനത്തിനിടെ ട്രംപും കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തി ആണവായുധങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നെങ്കിലും ഉത്തരകൊറിയ മുന്നോട്ടുവെച്ച നിബന്ധനകൾ അമേരിക്ക അംഗീകരിച്ചിരുന്നില്ല. ട്രംപ് ആദ്യതവണ അധികാരത്തിലിരുന്നപ്പോഴും ഉത്തരകൊറിയയുടെ ആണവപദ്ധതികൾ അവസാനിപ്പിക്കാനായി ഇരുനേതാക്കളും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.
അതേസമയം, ഉത്തരകൊറിയ തങ്ങളുടെ ആണവായുധ ശേഖരം ഗണ്യമായി വർധിപ്പിച്ചതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്; 2019-ൽ 30 ആണവ പോർമുനകൾ മാത്രമുണ്ടായിരുന്ന രാജ്യത്ത് നിലവിൽ ഏകദേശം 60 എണ്ണമുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനുപുറമെ, അമേരിക്കൻ ഭൂപ്രദേശത്തുവരെ ആക്രമണം നടത്താൻ ശേഷിയുള്ളതും വിക്ഷേപണത്തിന് മുമ്പ് കണ്ടെത്താൻ പ്രയാസമുള്ളതുമായ ഖര ഇന്ധന അധിഷ്ഠിത ബാലിസ്റ്റിക് മിസൈലുകളും ഉത്തരകൊറിയ വികസിപ്പിച്ചെടുത്തിട്ടുണ്ട്.





