ന്യൂയോർക്ക്: ഗാസയിലേക്ക് വേഗത്തിലും തടസ്സമില്ലാതെയും അടിയന്തര മാനുഷിക സഹായങ്ങൾ എത്തിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് ഇന്ത്യ ഉൾപ്പെടെ 53 രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും കൂട്ടായ്മ രംഗത്തെത്തി. യു.കെ, ഖത്തർ, ജോർദാൻ എന്നിവർ സംയുക്തമായി നേതൃത്വം നൽകുന്ന 'ഗാസ കോൾ ടു ആക്ഷൻ ഓൺ ഹ്യുമാനിറ്റേറിയൻ ആക്സസ് ആൻഡ് ഹെൽത്ത്' (Gaza Call to Action on Humanitarian Access and Health) കൂട്ടായ്മയുടെ പ്രസ്താവന യു.എന്നിലെ യു.കെ സ്ഥിരം പ്രതിനിധി സാറാ മാക്കിന്റോഷ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അവതരിപ്പിച്ചത്.
ഇസ്രയേൽ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വരുന്ന പുതിയ സർക്കാർ ലഭ്യമായ എല്ലാ അതിർത്തി പാതകളും കരമാർഗ്ഗങ്ങളും തുറന്ന് ഗാസയിലുടനീളം സഹായം എത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു. 2025 ജനുവരി 19-ലെ കരാറിലെ അളവിൽ കുറയാത്ത രീതിയിൽ അടിയന്തര സഹായം എത്തിക്കാൻ യു.എൻ രക്ഷാസമിതിയുടെ 2803-ാം പ്രമേയം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ലെന്നും, 2025 ഒക്ടോബറിലെ വെടിനിർത്തലിന് ശേഷം ചില പുരോഗതികളുണ്ടായെങ്കിലും ശൈത്യകാലം കടുക്കുന്നതോടെ സുരക്ഷിതമായ പാർപ്പിടമില്ലാത്ത ഗാസയിലെ ജനങ്ങൾ ഹൈപ്പോതെർമിയ, ശ്വാസകോശ-ജലജന്യ രോഗങ്ങൾ എന്നിവയുടെ ഭീഷണിയിലാണെന്നും മാക്കിന്റോഷ് ചൂണ്ടിക്കാട്ടി.
കിഴക്കൻ ജറുസലേമിലെയും വെസ്റ്റ് ബാങ്കിലെയും ആശുപത്രികളിലേക്ക് രോഗികളെ മാറ്റുന്നതിനുള്ള മെഡിക്കൽ റഫറൽ പാത പുനഃസ്ഥാപിക്കുക, ആരോഗ്യ-ദുരിതാശ്വാസ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ സുതാര്യമായ ക്രിമിനൽ അന്വേഷണം നടത്തുക, മുതിർന്ന അന്താരാഷ്ട്ര പ്രതിനിധി സംഘങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഗാസയിൽ പ്രവേശനാനുമതി നൽകുക എന്നീ ആവശ്യങ്ങളും പ്രസ്താവന മുന്നോട്ടുവെക്കുന്നു. ശൈത്യകാല പ്രതിസന്ധി മറികടക്കാൻ താൽക്കാലിക പാർപ്പിടങ്ങൾ, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങൾ, അടിയന്തര മെഡിക്കൽ സാമഗ്രികൾ എന്നിവ എത്തിച്ച് പൊതുജനാരോഗ്യ ഭീഷണികൾ കുറയ്ക്കാൻ പിന്തുണ നൽകുമെന്ന് ഒപ്പുവെച്ച രാജ്യങ്ങൾ ഉറപ്പുനൽകി.
ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബഹ്‌റൈൻ, ബെൽജിയം, ബ്രസീൽ, കാനഡ, ക്രൊയേഷ്യ, സൈപ്രസ്, ഡെൻമാർക്ക്, ഈജിപ്ത്, എസ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ഗ്രീസ്, ഐസ്‌ലൻഡ്, ഇന്ത്യ, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ജോർദാൻ, കുവൈത്ത്, കിർഗിസ്ഥാൻ, ലാറ്റ്‌വിയ, ലെബനൻ, ലൈബീരിയ, ലിത്വാനിയ, ലക്‌സംബർഗ്, മാൾട്ട, മെക്‌സിക്കോ, നെതർലൻഡ്‌സ്, ന്യൂസീലൻഡ്, നോർവേ, ഒമാൻ, പാകിസ്ഥാൻ, പനാമ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, സെനഗൽ, സ്ലോവാക്യ, സ്‌പെയ്ൻ, പലസ്തീൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, സിറിയ, തുർക്കി, ബ്രിട്ടൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ കമ്മീഷൻ, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (OIC) എന്നീ സംഘടനകളുമാണ് സംയുക്ത പ്രസ്താവനയിൽ പങ്കാളികളായത്.





