യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇനിമുതൽ ആഭ്യന്തര കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി വാൻസ് ഇറാനുമായി നേരിട്ട് ചർച്ചയ്ക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഈ ഇടപെടൽ.
ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ചർച്ചകളുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അമേരിക്കൻ സ്റ്റേറ്റുകളിലെ അഴിമതികളിലും കുറ്റകൃത്യങ്ങളിലും മാത്രം ശ്രദ്ധിക്കാൻ വാൻസിനോട് ആവശ്യപ്പെടുകയായിരുന്നു.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെയാണ് ഇറാൻ സമാധാന കരാറിനായുള്ള നീക്കങ്ങളുമായി വാൻസ് വീണ്ടും സജീവമായത്. യുദ്ധമുണ്ടാക്കിയ സാമ്പത്തിക നഷ്ടം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിരുന്നുവെന്നും, ഇറാനുമായുള്ള യുദ്ധവും ഇസ്രായേലുമായുള്ള വാഷിംഗ്ടണിന്റെ ബന്ധവുമാണ് പാർട്ടിയുടെ പരാജയത്തിന് കാരണമെന്നും വാൻസ് പരസ്യമായി സമ്മതിച്ചിരുന്നു. 2024-ൽ ഡോണൾഡ് ട്രംപിനെ പിന്തുണച്ച നിരവധി വോട്ടർമാർ ഭരണകൂടത്തിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് പാർട്ടി മാറിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.





