റോം: വിദ്യാലയങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണത്തിന് നിരോധനം ഏർപ്പെടുത്താനും ക്ലാസ് മുറികളിലെ വിദേശ വിദ്യാർത്ഥികളുടെ അനുപാതം പരിമിതപ്പെടുത്താനുമുള്ള കടുത്ത തീരുമാനവുമായി ഇറ്റലിയിലെ ജോർജിയ മെലോണി സർക്കാർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം നിർണ്ണായകമായ 'ഡിക്രി-ലോ' പാസ്സാക്കിയതോടെയാണ് പുതിയ നിയന്ത്രണങ്ങൾക്ക് ഔദ്യോഗിക രൂപമായത്. ഇതനുസരിച്ച് വിദ്യാലയങ്ങളിൽ ബുർഖ, നിഖാബ് എന്നിവ ധരിക്കുന്നതിന് പൂർണ്ണ വിലക്ക് വരും. ഒപ്പം, വരുന്ന അധ്യയന വർഷം മുതൽ ഇറ്റാലിയൻ ഭാഷ സംസാരിക്കാൻ അറിയാത്ത വിദ്യാർത്ഥികളുടെ എണ്ണം ഓരോ ക്ലാസിലും പരമാവധി 30 ശതമാനമായി നിജപ്പെടുത്തും. ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് 1,140 ഡോളർ (1,000 യൂറോ) വരെ പിഴ ചുമത്താനുള്ള വ്യവസ്ഥയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിക്രി-ലോ വഴി പാസ്സാക്കിയതിനാൽ ഈ ഉത്തരവിന് ഉടനടി പ്രാബല്യമുണ്ട്. എങ്കിലും 60 ദിവസത്തിനകം പാർലമെന്റിന്റെ അനുമതി ഇതിന് ആവശ്യമാണ്. കൂടാതെ, പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുടെ അംഗീകാരവും ലഭ്യമാകേണ്ടതുണ്ട്. വിദ്യാഭ്യാസം തടസ്സപ്പെടുന്ന രീതിയിലുള്ള കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഈയാഴ്ച തന്നെ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പാരമ്പര്യത്തിന്റെ പേരിലാണ് പെൺകുട്ടികൾ മുഖം മറയ്ക്കേണ്ടതെന്ന് ആർക്കും കൽപ്പിക്കാൻ അധികാരമില്ലെന്നും വിദ്യാലയങ്ങളിൽ മുഖം പ്രദർശിപ്പിച്ചുതന്നെ വേണം പോകാനെന്നും യാഥാസ്ഥിതിക കക്ഷിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ യുവജന സംഗമത്തിൽ സംസാരിക്കവെ മെലോണി വ്യക്തമാക്കിയിരുന്നു.
ഇറ്റാലിയൻ ഭാഷാ പഠനത്തിനുള്ള ക്രമീകരണങ്ങളും ബുർഖയും നിഖാബും വിലക്കുന്ന നടപടികളും സമൂഹത്തെ വിഭജിക്കാത്ത പൊതുബോധത്തിന്റെ ഭാഗമാണെന്ന് മെലോണി എക്സിൽ കുറിച്ചു. നിയമാവലികളിൽ വീഴ്ചവരുത്താതെ എല്ലാവരെയും ഒപ്പം നിർത്തുന്നതും, പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതും, തുല്യ മുന്നേറ്റത്തിനുള്ള പശ്ചാത്തലമൊരുക്കുന്നതുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, മെലോണി സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, മുൻ സൈനിക ജനറൽ റോബർട്ടോ വണ്ണാച്ചിയുടെ തീവ്ര വലതുപക്ഷ പ്രസ്ഥാനമായ 'നാഷണൽ ഫ്യൂച്ചറിന്റെ' വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സ്വാധീനം ചെറുക്കാനാണ് സർക്കാർ ഈ വർഗീയ ധ്രുവീകരണത്തിന് തുനിയുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. 'റീമൈഗ്രേഷൻ' സിദ്ധാന്തം ഉയർത്തിപ്പിടിക്കുന്ന നാഷണൽ ഫ്യൂച്ചർ, ജൂലൈയിൽ തന്നെ വിദ്യാലയങ്ങളിൽ ബുർഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു; വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് അവരുടെ പ്രധാന പ്രചാരണവും. സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും അടിസ്ഥാന ആവശ്യങ്ങൾക്ക് പകരം സാംസ്കാരിക-പ്രത്യയശാസ്ത്ര അജണ്ടകൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസ രംഗത്തെ യഥാർത്ഥ പ്രതിസന്ധികൾ പരിഹരിക്കാനാകാത്ത സർക്കാരിന്റെ പരാജയം പുതിയ ആശയമുദ്രാവാക്യങ്ങൾ വഴി മൂടിവെക്കാനുള്ള നാണംകെട്ട ഉത്തരവാണിതെന്ന് മധ്യ-ഇടതുപക്ഷ ഡെമോക്രാറ്റിക് പാർട്ടി നേതാവ് എലി ഷ്ലൈൻ ആഞ്ഞടിച്ചു.
ഇറ്റാലിയൻ ഭാഷ വശമില്ലാത്ത വിദ്യാർത്ഥികൾ ഒരിടത്തുമാത്രമായി അമിതമായി കേന്ദ്രീകരിക്കുന്നത് തടയാൻ അവരെ വിവിധ വിദ്യാലയങ്ങളിലായി പ്രവേശിപ്പിക്കാൻ പ്രാദേശിക വിദ്യാഭ്യാസ അധികൃതർ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ജുസെപ്പെ വാൽദിത്താര വ്യക്തമാക്കി. പുതിയ മാനദണ്ഡം പാലിക്കാൻ ബുദ്ധിമുട്ടുന്ന സ്ഥാപനങ്ങൾക്ക് ഇളവുകളും ഭാഷാ പരിശീലനത്തിനായുള്ള സാമ്പത്തിക സഹായങ്ങളും ഉറപ്പാക്കും. രാജ്യത്തെ ആകെ ക്ലാസ് മുറികളിൽ കേവലം 0.3 ശതമാനം അഥവാ ആയിരത്തോളം ക്ലാസ് മുറികളെ മാത്രമേ ഈ പുതിയ ചട്ടം ബാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം, 2022-23 അധ്യയന വർഷത്തിൽ ഇറ്റലിയിലെ സ്കൂളുകളിൽ 11.2 ശതമാനം പേർ ഇറ്റാലിയൻ പൗരന്മാരല്ലാത്ത വിദേശികളായിരുന്നു. അതേസമയം, 30 ശതമാനത്തിലധികം വിദേശ വിദ്യാർത്ഥികൾ ഉൾപ്പെട്ട ക്ലാസ് മുറികൾ ആകെ ക്ലാസുകളുടെ 7.6 ശതമാനമായിരുന്നു.





