ന്യൂയോർക്ക്: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളിൽ ഐക്യരാഷ്ട്രസഭാ വേദിയിൽ പാകിസ്താന് രൂക്ഷമായ താക്കീത് നൽകി ഇന്ത്യ. യുഎൻ വേദിയിൽ കാലങ്ങളായി പച്ചക്കള്ളങ്ങൾ ആവർത്തിച്ചതുകൊണ്ടുമാത്രം യാഥാർത്ഥ്യങ്ങൾ മൂടിവെക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. പകൽസമയത്ത് സുരക്ഷാ പ്രഭാഷണം നടത്തുകയും രാത്രിയുടെ മറവിൽ ഭീകരവാദത്തിന് വിടുവേല ചെയ്യുകയുമാണ് അവരുടെ രീതിയെന്നും ഇന്ത്യ വിമർശിച്ചു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗഹ്ലോട്ടാണ് പാകിസ്താന് മറുപടി നൽകിയത്.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ യുഎന്നിൽ ആവർത്തിച്ചു വ്യക്തമാക്കി. അതേസമയം, പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾക്ക് ഏറ്റവും ലളിതമായ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. പതിറ്റാണ്ടുകളായി അവർ കടുത്ത അടിച്ചമർത്തലുകളും ക്രൂരതകളും അനുഭവിക്കുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും കറുത്ത ചരിത്രമുള്ളവരാണ് ഇപ്പോൾ മനുഷ്യാവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതെന്ന് പെറ്റൽ ഗഹ്ലോട്ട് തുറന്നടിച്ചു.
സ്വന്തം ജനങ്ങളെത്തന്നെ വേട്ടയാടുന്നവരാണ് ജനാധിപത്യ മൂല്യങ്ങളെയും അവകാശങ്ങളെയും കുറിച്ച് പ്രസംഗിക്കുന്നത്. പാകിസ്താനിലേത് സൈന്യത്തിന്റേതായ, സൈന്യത്താൽ നയിക്കപ്പെടുന്ന, സൈന്യത്തിന് വേണ്ടി മാത്രമുള്ള ഭരണകൂടമാണ്. തുടർന്നുപോരുന്ന ഭീകരവാദ അജണ്ടകൾക്ക് പാകിസ്താൻ വലിയ വില നൽകേണ്ടി വരുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ഭീകരവാദ വിഷയവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ ചോദ്യമുന്നയിച്ച പാക് മാധ്യമപ്രവർത്തകന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കടുത്ത ഭാഷയിൽ തിരിച്ചടി നൽകി. ഒരു ഭീകരരാഷ്ട്രമാണോ ഇപ്പോൾ തന്നോട് ചോദ്യം ചോദിക്കാൻ വന്നിരിക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ രൂക്ഷമായ മറുപടി. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യയെ ലക്ഷ്യമിട്ട് പാക് മാധ്യമപ്രവർത്തകൻ ചോദ്യമുന്നയിച്ചപ്പോഴായിരുന്നു ജയശങ്കറിന്റെ ഈ പ്രതികരണം.





