ന്യൂഡൽഹി: ഇറാന്റെ നിലനിൽപ്പ് ഇല്ലാതാക്കുമെന്ന അമേരിക്കൻ മുന്നറിയിപ്പിനെ പരിഹസിക്കാൻ തെലുങ്ക് ആക്ഷൻ ചിത്രത്തിലെ രംഗങ്ങൾ ഉപയോഗിച്ച് സിംബാബ്‌വെയിലെ ഇറാൻ എംബസി. തങ്ങൾ പ്രതിരോധ ശേഷിയില്ലാത്ത നിസ്സഹായരായ രാജ്യമല്ലെന്ന കർശന സന്ദേശം നൽകിക്കൊണ്ടാണ് എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ കുറിപ്പ് പുറത്തുവന്നത്. അമേരിക്കയെയും ട്രംപിനെയും ട്രോളുന്ന മീമുകളുടെ ഭാഗമായി, ട്രംപിന്റെ ഭരണകൂടം ഹോളിവുഡ് ചിത്രങ്ങൾ ഉപേക്ഷിച്ച് ബോളിവുഡ് സിനിമകളാണ് കാണുന്നതെന്നും എംബസി പരിഹസിച്ചു. തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രമായ 'ഭഗവന്ത് കേസരി' എന്ന സിനിമയിലെ തീപാറുന്ന സംഘട്ടന രംഗം ഉൾപ്പെടുത്തിയ 58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് ഇതിനായി പങ്കുവെച്ചിട്ടുള്ളത്.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിൽ ചൊവ്വാഴ്ച സംസാരിക്കവെയായിരുന്നു ഇറാനെ തകർക്കുമെന്ന തരത്തിൽ ട്രംപിന്റെ മുന്നറിയിപ്പ് ഉണ്ടായത്. കഴിഞ്ഞ ഏഴ് മാസമായി തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ, ഇറാന്റെ പുനർനിർമ്മാണത്തിന് വഴിയൊരുക്കുന്ന ഒരു ഉടമ്പടിക്ക് പച്ചക്കൊടി കാട്ടണമോ അതോ ആ ഇസ്ലാമിക് റിപ്പബ്ലിക്കിനെ അതിവേഗം തുടച്ചുനീക്കണമോ എന്ന നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പാണ് തന്റെ മുന്നിലുള്ളതെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇറാനുമായി ഒരു നയതന്ത്ര കരാർ സാധ്യമാകുമോയെന്നും, അതിലൂടെ മുൻപത്തേക്കാൾ കരുത്തുറ്റ രാഷ്ട്രമായി മാറി പശ്ചിമേഷ്യയിലെയോ ലോകത്തിലെയോ തന്നെ മികച്ച രാജ്യങ്ങളിൽ ഒന്നാകാൻ അവർക്ക് സാധിക്കുമോയെന്നും അദ്ദേഹം ആരാഞ്ഞു. അങ്ങനെയല്ലെങ്കിൽ, ആ രാജ്യത്തെ താൻ തകർക്കണമോ എന്നും ജനങ്ങളെ കൂട്ടക്കൊല ചെയ്യാനും മറ്റ് നാടുകളെ നശിപ്പിക്കാനും ഇറാന് മേലിൽ അവസരം നൽകാതിരിക്കണമോ എന്നും ട്രംപ് യു.എൻ പൊതുസഭയിൽ ചോദിച്ചിരുന്നു.





