ഇന്ത്യൻ ശതകോടീശ്വരനായ ഗൗതം അദാനിക്കെതിരെ നിലനിന്നിരുന്ന ക്രിമിനൽ കേസുകൾ അമേരിക്കൻ കോടതി തള്ളിക്കളഞ്ഞു. സൗരോർജ്ജ പ്ലാന്റുകളുടെ കരാറുകൾ നേടിയെടുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നും, യു.എസ് നിക്ഷേപകരെ വഞ്ചിച്ചുവെന്നുമായിരുന്നു കേസ്. കമ്പനിയുടെ അഴിമതിവിരുദ്ധ നയങ്ങളെ സംബന്ധിച്ച് നിക്ഷേപകർക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
സാമ്പത്തിക ക്രമക്കേടുകളും കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസ് ഇനി മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് യു.എസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ബ്രൂക്ലിൻ ഡിസ്ട്രിക്റ്റ് ജഡ്ജ് നിക്കോളാസ് ഗരാഫുയിസ് കേസ് തള്ളിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. തങ്ങൾക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളെയും അദാനി ഗ്രൂപ്പ് നേരത്തെ തന്നെ പൂർണ്ണമായി നിഷേധിച്ചിരുന്നു.
കേസിനാസ്പദമായ വിഷയങ്ങൾ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അവ തെളിയിക്കുക പ്രയാസകരമാണെന്നും കഴിഞ്ഞ ജൂലൈ നാലിന് യു.എസ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുകയുണ്ടായി. മുൻപ് അമേരിക്കയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് അദാനി പ്രഖ്യാപിച്ചിരുന്നു. അതിനാൽ ഈ നിക്ഷേപ വാഗ്ദാനത്തിന് പകരമായിട്ടാണോ കേസ് അവസാനിപ്പിക്കുന്നത് എന്ന് ജഡ്ജി സംശയം ഉന്നയിക്കുകയുണ്ടായി. എന്നാൽ കേസ് റദ്ദാക്കുന്നതിനായി യാതൊരുവിധ വാഗ്ദാനങ്ങളോ കരാറുകളോ നൽകിയിട്ടില്ലെന്ന് ജൂലൈ 15-ന് അദാനി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അദാനിക്കെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കാൻ യു.എസ് ഫെഡറൽ കോടതി അനുമതി നൽകിയത്.
കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ഇതിലും വലിയ ലക്ഷ്യങ്ങളുമായി ഭാവിയിലേക്ക് മുന്നേറുമെന്നും ഗൗതം അദാനി പ്രതികരിച്ചു.





