റഷ്യക്കെതിരായ ഉപരോധ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നിയമനിർമാണത്തിന് യുഎസ് സെനറ്റിന്റെ അനുമതി. റഷ്യൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനൊപ്പം റഷ്യൻ എണ്ണ, വാതകം എന്നിവയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് കനത്ത തീരുവ ചുമത്താനുള്ള അധികാരം അമേരിക്കൻ പ്രസിഡന്റിന് നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ‘ലിൻഡ്സി ഒ ഗ്രഹാം സാങ്ക്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ എന്ന ബിൽ 86-11 എന്ന വൻ ഭൂരിപക്ഷത്തോടെയാണ് സെനറ്റ് പാസാക്കിയത്.
റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങൾക്കും റഷ്യയുടെ ഊർജമേഖലയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന അഞ്ച് രാജ്യങ്ങൾക്കുമാണ് പുതിയ തീരുവ ചുമത്താനുള്ള അധികാരം ബാധകമാകുക. ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നിവയാണ് റഷ്യൻ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാന അഞ്ച് രാജ്യങ്ങൾ.
ജപ്പാനും യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങളും തീരുവയുടെ പരിധിയിൽ ഉൾപ്പെടും. തീരുവ തുടർന്നും നിലനിർത്തണമോ പിൻവലിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം അമേരിക്കൻ പ്രസിഡന്റിന്റെ വിവേചനാധികാരത്തിലായിരിക്കും.





