ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സംഘടിപ്പിച്ച വെർച്വൽ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചതിന് പിന്നാലെ, ബംഗ്ലാദേശിന്റെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാകിബ് അൽ ഹസന്റെ വസതിക്ക് നേരെ ആക്രമണം. ഒരു സംഘം ആളുകൾ അദ്ദേഹത്തിന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു.
ബോംബേറിനെ തുടർന്ന് അവിടെ തീപിടിത്തമുണ്ടായെങ്കിലും പെട്ടെന്നുതന്നെ തീയണക്കാൻ സാധിച്ചതോടെ വൻ നാശനഷ്ടങ്ങൾ ഒഴിവാകുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ വസതിയിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും, കൂടുതൽ അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. മുൻപ് ഷെയ്ഖ് ഹസീനയ്ക്ക് പിന്തുണ അറിയിച്ചതിന്റെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൽ നിന്നും ഷാകിബിനെ മാറ്റിനിർത്തിയിരുന്നു.





