സ്പെയിനിന്റെ തലസ്ഥാനമായ മഡ്രിഡിൽ കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ കാട്ടുതീയിൽ വലിയ തോതിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളുടെ പുനരധിവാസത്തിനായി ഫുട്ബോൾ താരം ലയണൽ മെസ്സി 80,000 യൂറോ (ഏകദേശം 87 ലക്ഷം രൂപ) കൈമാറി. അർജന്റീനയുടെ ഇതിഹാസ താരം നൽകിയ ഈ സാമ്പത്തിക പിന്തുണയെക്കുറിച്ച് മഡ്രിഡ് റീജിയണൽ ഗവൺമെന്റ് പ്രസിഡന്റ് ഇസബെൽ ഡയസ് അയുസോ ആണ് സോഷ്യൽ മീഡിയ വഴി ലോകത്തെ അറിയിച്ചതും ദുരിതബാധിതരോട് കാണിച്ച അനുകമ്പയ്ക്ക് നന്ദി പ്രകടിപ്പിച്ചതും.
"മഡ്രിഡ് മേഖലയിലെ സിയറ ഒവെസ്റ്റെയുടെ പുനർനിർമ്മാണത്തിനായി ലിയോ മെസ്സി 80,000 യൂറോയുടെ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. അതിന് അദ്ദേഹത്തോടുള്ള കടപ്പാട് അറിയിക്കുന്നു. മഡ്രിഡിലെ ജനങ്ങൾ മെസ്സിയെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ്," എന്ന് അയുസോ കുറിച്ചു. സിയറ ഒവെസ്റ്റെ പ്രദേശത്ത് കാട്ടുതീ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ മറികടക്കാൻ സ്പെയിൻ ഭരണകൂടം സജീവമായ നടപടികൾ സ്വീകരിച്ചു വരുന്ന ഘട്ടത്തിലാണ് മെസ്സിയുടെ ഈ കൈത്താങ്ങ്. അതിരൂക്ഷമായ ഉഷ്ണതരംഗവും ശക്തമായി വീശിയടിച്ച കാറ്റും മൂലം ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിൽ ആകമാനം ആളിപ്പടർന്ന കാട്ടുതീ സ്പെയിന് പുറമെ ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും വൻതോതിലുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും വ്യാപകമായ ജന ഒഴിപ്പിക്കലിനും കാരണമായിരുന്നു.





