ഹൈദരാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ മറികടക്കുന്ന ആഗോളതലത്തിലെ ഏറ്റവും വിപുലമായ ക്രിക്കറ്റ് സ്റ്റേഡിയമൊരുക്കാൻ ഹൈദരാബാദ് പദ്ധതിയിടുന്നു. ഒന്നര ലക്ഷത്തോളം കാണികൾക്ക് ഒരേസമയം ഇരിപ്പിടമൊരുക്കാൻ സാധിക്കുന്ന അതിനൂതന സ്റ്റേഡിയമാണ് നിർമ്മിക്കുന്നത്. തെലങ്കാന സർക്കാർ വിഭാവനം ചെയ്യുന്ന 'ഭാരത് ഫ്യൂച്ചർ സിറ്റി'യിലെ സ്പോർട്സ് സിറ്റി വികസനത്തിന്റെ ഭാഗമായാണ് ഈ ഭീമൻ കായിക സമുച്ചയം ഉയരുക.
ഒരു ലക്ഷത്തിലേറെ ആളുകൾക്ക് തത്സമയം മത്സരങ്ങൾ വീക്ഷിക്കാൻ സൗകര്യമൊരുക്കുന്ന സ്റ്റേഡിയം, അഹമ്മദാബാദിലെ മോദി സ്റ്റേഡിയത്തേക്കാൾ വിപുലമായ അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഒരുക്കുക. ക്രിക്കറ്റ് ഗ്രൗണ്ടിന് പുറമെ ഇൻഡോർ-ഔട്ട്ഡോർ കോർട്ടുകൾ, പ്രൊഫഷണൽ സ്പോർട്സ് അക്കാദമികൾ, കായികതാരങ്ങൾക്കായുള്ള അത്യാധുനിക പരിശീലന സൗകര്യങ്ങൾ എന്നിവയടങ്ങുന്ന വിശാലമായ സ്പോർട്സ് സിറ്റിയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. നിലവിൽ 55,000 കാണികളെ ഉൾക്കൊള്ളുന്ന ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പ്രധാന അന്താരാഷ്ട്ര-ഐ.പി.എൽ മത്സരങ്ങൾ അരങ്ങേറുന്നത്. പുതിയ കായിക സമുച്ചയം പൂർത്തിയാകുന്നതോടെ ആഗോള സ്പോർട്സ് ഭൂപടത്തിൽ ഹൈദരാബാദിന്റെ സ്ഥാനം കൂടുതൽ ശക്തമാകും.
1.32 ലക്ഷം പേർക്ക് ഇരിക്കാവുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാൾ വിസ്തൃതമായി, 100 ഏക്കറിലേറെ ഭൂമിയിലാണ് തെലങ്കാന സർക്കാർ ഈ പദ്ധതി ലക്ഷ്യമിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടൽ ഡിസംബറിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നിർവ്വഹിക്കുമെന്നാണ് സൂചന. ഇതിനായി ഭാരത് ഫ്യൂച്ചർ സിറ്റിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള പ്രാരംഭ നടപടികൾ ഉദ്യോഗസ്ഥർ ആരംഭിച്ചു. നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാൾ കൂടിയ സീറ്റിങ് ശേഷിയോടൊപ്പം നിർമ്മാണച്ചെലവിലും ഈ പദ്ധതി മുന്നിലായിരിക്കും. സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കുമ്പോൾ നിർമ്മാണത്തിന്റെയും തുടർപരിപാലനത്തിന്റെയും സാമ്പത്തികച്ചുമതല ബി.സി.സി.ഐ വഹിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ബി.സി.സി.ഐയും തെലങ്കാന സർക്കാരും സംയുക്തമായാണ് പദ്ധതി നിയന്ത്രിക്കുക. ഔട്ടർ റിംഗ് റോഡ്, നിർദ്ദിഷ്ട റീജിയണൽ റിംഗ് റോഡ്, മെട്രോ റെയിൽ ശൃംഖല, രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായി മികച്ച യാത്രാസൗകര്യവും ഈ സ്റ്റേഡിയത്തിന് ലഭിക്കും. ഫ്യൂച്ചർ സിറ്റിയിലെ സ്പോർട്സ് ഹബ്ബ്, ടൂറിസം, നെറ്റ്-സീറോ സിറ്റി ആശയങ്ങളോട് ചേർന്നാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കുക.





