ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്തതിന് തൊട്ടുപിന്നാലെ ദേശീയ ടീമിൽ നിന്ന് തന്നെ മാറ്റിനിർത്തപ്പെട്ടതിനെക്കുറിച്ച് മനസ്സുതുറന്ന് മുൻ നായകൻ സൂര്യകുമാർ യാദവ്. ടീമിൽ നിന്നും പൂർണ്ണമായി ഒഴിവാക്കപ്പെട്ടത് വലിയ നിരാശയ്ക്കും കടുത്ത മാനസിക വ്യഥയ്ക്കും ഇടയാക്കിയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ടീം ലിസ്റ്റിൽ തന്റെ പേരില്ലെന്ന വിവരം അറിഞ്ഞ മാത്രയിൽ ഒരു ചിരിയോടെയാണ് പ്രതികരിച്ചതെന്ന് സൂര്യകുമാർ യാദവ് വ്യക്തമാക്കി. ക്രിക്കറ്റ് ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം പുഞ്ചിരിയോടെ നേരിടുന്നതാണ് തന്റെ ശീലം. 2026-ന് ശേഷമുള്ള അടുത്ത രണ്ട് വർഷം കൂടി ടീമിനെ നയിക്കാൻ തനിക്ക് കഴിയുമെന്നായിരുന്നു വിശ്വാസം. അടുത്ത ടി20 ലോകകപ്പും ഒളിമ്പിക്സും മുന്നിൽ നിൽക്കുന്ന ഘട്ടമായിരുന്നു അത്. എന്നാൽ നമ്മുടെ ചിന്തകളും മറ്റുള്ളവരുടെ വിലയിരുത്തലുകളും തമ്മിൽ വലിയ അന്തരമുണ്ടാകും.
ടീമിന്റെ ഭാവിയെക്കരുതി സെലക്ടർമാർ കൈക്കൊണ്ട തീരുമാനത്തെ പൂർണ്ണമായി മാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും സെലക്ടർമാരുടെ ഈ നടപടിയെ ഉൾക്കൊള്ളാൻ ശ്രമിച്ചെങ്കിലും മാനസികമായി താൻ ഏറെ തകർന്നുപോയെന്ന് സൂര്യകുമാർ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയിൽ ഒരു പരമ്പര പോലും കൈവിട്ടുപോകാത്ത സംഘമായിരുന്നു നമ്മുടേത്. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും വിജയകിരീടം ചൂടി. കാര്യങ്ങളെല്ലാം ഇത്രയും ഭംഗിയായി മുന്നോട്ടുപോകുമ്പോൾ എന്തിനാണ് ഇത്തരം ഒരു മാറ്റം വരുത്തിയതെന്ന് മനസ്സ് നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. സുഹൃത്തുക്കളും വീട്ടുകാരും സമാധാനിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നുവെങ്കിലും, അവർ പോയിക്കഴിഞ്ഞാൽ താൻ വീണ്ടും ഏകാന്തതയിലേക്ക് വീണുപോകുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരകൾക്കായി ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തപ്പോൾ സൂര്യകുമാറിനെ മാറ്റിനിർത്തി ശ്രേയസ് അയ്യരെയാണ് സെലക്ടർമാർ നായകനായി അവരോധിച്ചത്. എന്നാൽ ആ പര്യടനത്തിൽ അയർലൻഡിനെതിരായ പരമ്പരയിൽ സമ്പൂർണ്ണ തോൽവി (വൈറ്റ് വാഷ്) വഴങ്ങാനായിരുന്നു ഇന്ത്യൻ ടീമിന്റെ വിധി.





