സി.പി.ഐ.എം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി തരപ്പെടുത്തി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരൻ എം.എൽ.എ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന്റെ കീഴിലാണ് താൻ ജോലി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
'എനിക്കെതിരെ ആരോപണം ഉന്നയിച്ചവരുടെ അതേ ശൈലിയിൽ പ്രതികരിക്കാൻ ഞാൻ തയ്യാറല്ല. ആക്ഷേപം ഉന്നയിച്ചയാളുടെ ഭാര്യ തൊഴിലില്ലാതെ നിന്ന ഘട്ടത്തിലാണ് കയർ ക്ഷേമനിധിയിൽ ജോലി വാങ്ങിക്കൊടുത്തത്. അവിടെ 19 ഒഴിവുകൾ വന്നപ്പോൾ ആദ്യ നിയമനം നൽകിയത് അവർക്കായിരുന്നു. ആശുപത്രിയിൽ ചിത്തരഞ്ജന്റെ ഭാര്യയ്ക്കും ജോലി നൽകി. ഇത്തരത്തിൽ നിരവധി പേർക്ക് സഹായം ചെയ്തിട്ടുണ്ട്. എന്നാൽ എന്റെ കുടുംബത്തിലെ ഒരാൾക്കുപോലും ഞാൻ ജോലി നൽകിയിട്ടില്ല. ബികോമും എച്ച്.ഡി.സിയും പാസായ ആളാണ് എന്റെ ഭാര്യയുടെ സഹോദരി; എന്നിട്ടും അവർക്ക് ജോലി നൽകിയില്ല. ഒരാൾക്ക് ജോലി നൽകിയാൽ ഫയലിൽ ഒരു തുള്ളി വിഷം വീണതുപോലെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇതൊന്നും റിപ്പോർട്ട് ചെയ്യാൻ ഇവിടുത്തെ മാധ്യമപ്രവർത്തകർക്ക് താല്പര്യമില്ല,' ജി. സുധാകരൻ തുറന്നടിച്ചു.
തനിക്കെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. പൊതുപ്രവർത്തന ജീവിതത്തിൽ ആരോടും നയാപൈസ വാങ്ങിയിട്ടില്ല. തന്റെ ഭാര്യ പ്രതിവർഷം ഒന്നേകാൽ ലക്ഷം രൂപ ശമ്പളം കൈപ്പറ്റിയിരുന്ന പ്രൊഫസറായിരുന്നു. വീട്ടുജോലിക്കാരിക്ക് വീട് വെച്ച് നൽകുന്നതിനാണ് ഭാര്യ സ്ഥലം വാങ്ങിയതും വീട് നിർമ്മിച്ച് നൽകിയതും. തന്റെ മകൻ ഗൾഫിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണ്. ഭാര്യ ഭൂമി വാങ്ങിയതിന്റെയും ബാങ്ക് അക്കൗണ്ടിലുള്ള പണത്തിന്റെയും വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് എച്ച്. സലാം ഉൾപ്പെടെയുള്ള നേതാക്കൾ വെല്ലുവിളിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്.
മുഖ്യമന്ത്രി സ്വന്തം മന്ത്രിസഭയിലെ സഹപ്രവർത്തകരെ സൂക്ഷിക്കണമെന്ന് ജി. സുധാകരൻ ഉപദേശിച്ചു. ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശനോട് താൻ നേരിട്ട് പറഞ്ഞിട്ടുണ്ട്. വി.ഡി. സതീശൻ മികച്ചൊരു മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ഇതുവരെ ഒരു വീഴ്ചയും വന്നിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും സുധാകരൻ കൂട്ടിച്ചേ
ർത്തു.





