പാലക്കാട്: മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിൽ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി അനുവദിച്ച ഫണ്ടിൽ 7.86 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും, കൂടുതൽ അന്വേഷണത്തിനായി കേസ് ആഭ്യന്തര വകുപ്പിന് കൈമാറി വിജിലൻസ് അന്വേഷണം നടത്തുമെന്നും പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വ്യക്തമാക്കി.
പട്ടികജാതി വികസന ഓഫീസർമാരായ സജിനി പി.എം, ഗിരിജ കെ, മുനീർ റഹ്മാൻ, നവീൻ ചന്ദ്ര, സീനിയർ ക്ലർക്ക് സ്മിജോ വർഗ്ഗീസ് എന്നിവർക്കെതിരെയാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തോളമായി വിവിധ ക്ഷേമപദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന 7,86,05,000 രൂപ (ഏഴ് കോടി എൺപത്തിയാറ് ലക്ഷത്തി അയ്യായിരം രൂപ) തട്ടിയെടുത്തതായാണ് വകുപ്പുതല പരിശോധനയിൽ വ്യക്തമായത്.
യഥാർത്ഥ ഗുണഭോക്താക്കളുടെ പേരുകൾ ബാങ്ക് രേഖകളിൽ നിലനിർത്തിയ ശേഷം അക്കൗണ്ട് നമ്പറുകളും ക്യു.ആർ കോഡുകളും തിരുത്തി പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഷോളയൂർ ഗ്രാമപഞ്ചായത്തിലെ മുൻ എസ്.സി പ്രൊമോട്ടർമാർ ഉൾപ്പെടെയുള്ളവരുടെ പങ്കും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടിന് പിന്നിലുള്ള മുഴുവൻ ആളുകളെയും സാമ്പത്തിക നേട്ടമുണ്ടാക്കിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ റിപ്പോർട്ട് ലഭിച്ചിട്ടും ഉചിതമായ നടപടികൾ സ്വീകരിക്കാതിരുന്ന മേലുദ്യോഗസ്ഥരുടെ പങ്കും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി അറിയിച്ചു.





