കാസർഗോഡ്: സി.പി.ഐ.എം നേതാവ് ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗത്തിനെതിരെ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ കെ.പി. സുരേന്ദ്രന്റെ സഹോദരിയും കോൺഗ്രസ് നീലേശ്വരം ബ്ലോക്ക് സെക്രട്ടറിയുമായ കെ.പി. രാധ രംഗത്തെത്തി. 1987-ലെ ചീമേനി സംഭവവുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ട പ്രതികൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന മധുസൂദനന്റെ പരാമർശം ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ അവർ, കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ പുനരന്വേഷണം വേണമെന്നും ട്വന്റിഫോറിനോട് ആവശ്യപ്പെട്ടു.
1987-ലെ ചീമേനി കേസിൽ പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ ജോസ്, എബ്രഹാം, തന്റെ സഹോദരൻ കെ.പി. സുരേന്ദ്രൻ എന്നിവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയെന്ന് കെ.പി. രാധ ആരോപിച്ചു. അഞ്ച് പേർ മരിച്ച സംഭവത്തിൽ മൂന്ന് പേരെ അവർ വകവരുത്തിയെന്നും ബാക്കിയുള്ളവരെയും മനസ്സിൽ കുറിച്ചിട്ടിട്ടുണ്ടാകുമെന്ന ധൈര്യത്തിലാണ് മധുസൂദനൻ ഇത്തരത്തിൽ സംസാരിച്ചതെന്നും അവർ പറഞ്ഞു.
അന്നത്തെ ഭരണസ്വാധീനം കാരണമാണ് പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയതെന്നും, സാക്ഷികൾ ഉണ്ടായിട്ടും അവരെ ഭീഷണിപ്പെടുത്തി വിസ്തരിക്കാൻ പോലും തയ്യാറായില്ലെന്നും കെ.പി. രാധ കുറ്റപ്പെടുത്തി. ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിന് പിന്നാലെ 1987-ലെ ചീമേനി കൂട്ടക്കൊലയും തുടർക്കൊലപാതകങ്ങളും രാഷ്ട്രീയ തലത്തിൽ വീണ്ടും ചർച്ചയാവുകയാണ്.





