തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ലെന്നും ആരെ അധ്യക്ഷനാക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തണമെങ്കിൽ പാർട്ടി ശക്തമാകേണ്ടതുണ്ടെന്നും, അതിനാൽ പുതിയ പ്രസിഡന്റ് അനിവാര്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിലെ രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അതിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവുകളോ വീഴ്ചകളോ കണ്ടെത്തിയിട്ടില്ലെന്നുമാണ് വിവരമെന്ന് മുരളീധരൻ അറിയിച്ചു. എങ്കിലും മരണത്തിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് സർക്കാർ സംശയിക്കുന്നതിനാൽ വിഷയത്തിൽ സമഗ്രവും വിശദവുമായ അന്വേഷണം നടത്തുമെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം 36 മണിക്കൂർ മൃതദേഹം കിടന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മണ്ഡല പുനർനിർണയ ബില്ലിൽ വോട്ടെടുപ്പ് നടക്കുമ്പോൾ എല്ലാ എം.പി.മാരും സഭയിൽ ഹാജരായി ബില്ലിനെ ശക്തമായി എതിർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ഇന്ത്യാ സഖ്യത്തിന്റെയും കോൺഗ്രസ് പാർട്ടിയുടെയും തീരുമാനമാണെന്നും, വോട്ടെടുപ്പിന് ഇനിയും രണ്ട് ദിവസം ബാക്കിയുള്ളതിനാൽ ഒരു എം.പി.യും അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് വിശ്വാസമെന്നും മുരളീധരൻ വ്യക്തമാക്കി.





