തിരുവനന്തപുരം: പാറശാലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മകളെ അസഭ്യം പറഞ്ഞതിനെത്തുടർന്നാണ് നിർമ്മാണത്തൊഴിലാളിയായ സദാശിവനെ കൊലപ്പെടുത്തിയതെന്ന് സഹോദരൻ രവീന്ദ്രൻ പൊലീസിനോട് സമ്മതിച്ചു.
വ്യാഴാഴ്ച രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് പിണങ്ങി ഇറങ്ങിപ്പോയ രവീന്ദ്രൻ, പിന്നീട് വെട്ടുകത്തിയുമായി മടങ്ങിയെത്തി സദാശിവനെ ആക്രമിക്കുകയായിരുന്നു. സ്വന്തം സഹോദരനെ വിശ്വാസമില്ലായിരുന്നുവെന്നും പ്രതി മൊഴി നൽകി.
സംഭവദിവസം സദാശിവന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. പുലർച്ചെ ഇവർ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് തലയിലും കഴുത്തിലും വെട്ടേറ്റ നിലയിൽ വീടിന്റെ മുൻവശത്ത് സദാശിവന്റെ മൃതദേഹം കണ്ടെത്തിയത്.





