കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. എസ്. ശശിധരനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. നിങ്ങൾ ആരെയാണ് പേടിക്കുന്നതെന്നും പിന്നിൽ ആരാണെന്നും ചോദിച്ച കോടതി, പുൽപ്പള്ളി കേസിലെ കുറ്റപത്രം ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും മറ്റ് നാല് കേസുകളിലെ തൽസ്ഥിതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു.
അന്വേഷണത്തിൽ എന്തിനാണ് വിമുഖത കാട്ടുന്നതെന്നും എസ്.ഐ.ടിയുടെ ഇച്ഛാശക്തിക്ക് എന്തെങ്കിലും തടസം നേരിട്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. എസ്.ഐ.ടി സ്വാധീനങ്ങൾക്ക് വിധേയരാകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കഴിവിൽ സംശയമില്ലാത്തതിനാലാണ് എസ്.പി. എസ്. ശശിധരനെ തന്നെ നിയോഗിച്ചതെന്നും വ്യക്തമാക്കിയ കോടതി, അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ നൽകണമെന്നും അവരെക്കൂടി വിളിച്ചുവരുത്തുമെന്നും അറിയിച്ചു.
ഒട്ടേറെ കേസുകൾ ഒരുമിച്ച് അന്വേഷിക്കുന്നതിനാൽ മതിയായ സാവകാശം ലഭിക്കുന്നില്ലെന്നും ശബരിമല കേസിലെ ഫയൽ ഒരാഴ്ചയായി പരിശോധിച്ചിട്ടില്ലെന്നും എസ്.പി. എസ്. ശശിധരൻ കോടതിയിൽ വിശദീകരിച്ചു. മികച്ച കുറ്റപത്രം നൽകുമെന്നും എസ്.ഐ.ടിക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ടെന്നും പറഞ്ഞ സ്റ്റേറ്റ് അറ്റോർണി, ഗാലറിക്ക് വേണ്ടിയല്ല കോടതിക്ക് വേണ്ടിയാണ് സർക്കാരിന്റെ നിലപാടെന്ന് വാദിച്ചപ്പോൾ ആരാണ് ഗാലറിക്ക് വേണ്ടി നിലപാടെടുക്കുന്നതെന്ന് ഹൈക്കോടതി തിരിച്ചുചോദിച്ചു.
അതേസമയം, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കുറ്റക്കാരനാണെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.





