കൊച്ചി: ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. കൊലപാതകമല്ല ആശയത്തിന്റേതാണ് രാഷ്ട്രീയമെന്നും, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്തിന്റെ പേരിലാണെങ്കിലും കൊലപാതകത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വഴിയായി സി.പി.ഐ കാണുന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. കൊലവിളികളും അതിന്റെ കണക്ക് പറയലും മഹത്വവൽക്കരിക്കലുമല്ല കമ്മ്യൂണിസ്റ്റ് രീതിയെന്നും, സ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മറ്റൊരു പേരാണ് കമ്മ്യൂണിസമെന്നതുമാണ് സി.പി.ഐയുടെ ബോധ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ചീമേനി സംഭവം അടക്കം പരാമർശിച്ചുകൊണ്ട് ടി.ഐ. മധുസൂദനൻ വിവാദ പ്രസംഗം നടത്തിയത്. തണുപ്പിലിരുന്ന് തടവും ശിക്ഷയും വിധിച്ച് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാൻ ജഡ്ജിക്ക് കഴിയില്ലെന്ന് കോടതി വിധിയോട് പ്രതികരിച്ച അദ്ദേഹം, ചീമേനിയിൽ സി.പി.ഐ.എം പ്രവർത്തകരെ ചുട്ടുകൊന്ന പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓർക്കുന്നത് നല്ലതാണെന്നും കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കുമെന്നും വെല്ലുവിളിച്ചിരുന്നു.





