തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഒറ്റ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിന്റെ യഥാർത്ഥ കാരണം ഒരാഴ്ചയ്ക്കുള്ളിൽ ശാസ്ത്രീയമായി പഠിച്ച് വ്യക്തമാക്കുമെന്ന് കോർപ്പറേഷൻ മേയർ വി.വി. രാജേഷ് അറിയിച്ചു. കോർപ്പറേഷൻ ജീവനക്കാരുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്തതും, പല ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ മാലിന്യം കാരണം ഡ്രൈനേജുകളിൽ വെള്ളം ഇറങ്ങേണ്ട ഭാഗങ്ങൾ അടഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണമായത്. വെള്ളം ഇറങ്ങിപ്പോകേണ്ട ഭാഗങ്ങളിലെ ഗ്രില്ലുകൾ ചെറുതാണെന്നും ഇത് നിർമ്മാണം നടക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ മേയർ, സ്ലാബുകൾ ഇളക്കി പരിശോധിക്കേണ്ടത് അതത് വകുപ്പുകളാണെന്നും മാലിന്യ സംസ്കരണത്തിന് സംസ്ഥാന സർക്കാർ കൃത്യമായ പദ്ധതി തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു.
വെള്ളക്കെട്ടിന്റെ പേരിൽ ബി.ജെ.പി ഭരണത്തെ പരിഹസിച്ച വി. ശിവൻകുട്ടിക്കും വി.കെ. പ്രശാന്തിനുമെതിരെ മേയർ രൂക്ഷവിമർശനമുയർത്തി. 45 വർഷം അവർ ഭരിച്ച നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതി നടപ്പിലാക്കിയത് ആരാണെന്ന് ചോദിച്ച വി.വി. രാജേഷ്, വി. ശിവൻകുട്ടി മേയറായിരുന്ന കാലത്തെ വികലമായ കാഴ്ചപ്പാടാണ് നഗരത്തെ തകർത്തതെന്നും വി.കെ. പ്രശാന്ത് സ്മാർട്ട് സിറ്റി റോഡ് നിർമ്മിച്ച് 1,000 കോടി രൂപ നഷ്ടപ്പെടുത്തിയെന്നും ആരോപിച്ചു.
വിളപ്പിൽശാലയിൽ പ്രശ്നപരിഹാരത്തിന് പകരം ഗുണ്ടായിസത്തിലൂടെ കാര്യങ്ങൾ തീർക്കാനാണ് ശിവൻകുട്ടി ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗോവയിൽ മാലിന്യ സംസ്കരണ പ്ലാന്റ് കാണാൻ പോയതിനെ ഉലകം ചുറ്റുന്നുവെന്നാണ് ആക്ഷേപിക്കുന്നതെന്നും, അവിടെ പോയി കാര്യങ്ങൾ മനസ്സിലാക്കി ഇവിടെ നടപ്പിലാക്കാനുള്ള ശേഷി തനിക്കുണ്ടെന്നും മേയർ വ്യക്തമാക്കി.
പ്രതിസന്ധി ഘട്ടത്തിൽ നാടിനായി ഒരുമിച്ചിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച വി.വി. രാജേഷ്, ശിവൻകുട്ടിയും പ്രശാന്തും പൊലീസ് സ്റ്റേഷനിൽ ചെന്ന് പ്രതിഷേധിച്ച് പൊലീസുകാരെ പ്രകോപിപ്പിക്കുകയാണെന്നും, ശിവൻകുട്ടിയുടെ ചവിട്ടുനാടകമൊന്നും തങ്ങളുടെ മേൽ വേണ്ടെന്നും കൂട്ടിച്ചേർത്തു.





