ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ വളപ്പിൽ തൃക്കാർത്തിക ആഘോഷം സംഘടിപ്പിച്ച സംഭവത്തിൽ ആലപ്പുഴ എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു. സഹപ്രവർത്തകയെ കടന്നുപിടിച്ച കേസിലെ പ്രതിയായ പൊലീസുകാരൻ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തതും വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ സീനിയർ സി.പി.ഒയും കോൺഗ്രസ് അനുകൂല പൊലീസ് സംഘടനാ നേതാവുമായ ചവറ മുകുന്ദപുരം സ്വദേശി നവാസ് (52) ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 2025 നവംബർ 14-ന് നീണ്ടകര കോസ്റ്റൽ സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെ വനിതാ പൊലീസുകാരിയെ കടന്നുപിടിച്ച കേസിലെ പ്രതിയാണ് ഇയാൾ; സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് അതിക്രമം വ്യക്തമായതിനെത്തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ നീണ്ടകര പൊലീസ് കേസെടുക്കുകയും നടപടിയുണ്ടാവുകയും ചെയ്തിരുന്നു.
കേസിന്റെ കോടതി വിചാരണ തുടങ്ങാനിരിക്കെ ഭരണസ്വാധീനം ഉപയോഗിച്ചാണ് നവാസ് സർവീസിൽ തിരിച്ചെത്തിയതെന്നും, ജില്ലയിലെ പൊലീസുകാരുടെ സ്ഥലംമാറ്റവും പ്രൊമോഷനും നിയന്ത്രിക്കുന്നത് ഇയാളാണെന്നും സേനയ്ക്കുള്ളിൽ ശക്തമായ ആക്ഷേപമുണ്ട്.
പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകളോ ദേവരൂപങ്ങളോ സ്ഥാപിക്കരുതെന്ന സുപ്രീം കോടതി നിർദേശം നിലനിൽക്കെയാണ് സ്റ്റേഷൻ വളപ്പിൽ ശിവന്റെയും പാർവതിയുടെയും ചിത്രങ്ങളും കട്ട്ഔട്ടുകളും സ്ഥാപിച്ച് ദീപാലങ്കാരം നടത്തിയത്. ജില്ലാ പൊലീസ് മേധാവി അനുമതി നിഷേധിച്ചിട്ടും, 2022-ന് ശേഷം നിർത്തിവെച്ചിരുന്ന ചടങ്ങ് ഹരിപ്പാട് സി.ഐയുടെ നേതൃത്വത്തിൽ വീണ്ടും നടത്തുകയായിരുന്നു.
ആഘോഷത്തിനായി ഹരിപ്പാട്, വീയപുരം സ്റ്റേഷനുകളിലെ 78 പൊലീസുകാരിൽ നിന്ന് 200 രൂപ വീതം പിരിച്ചെടുത്തതായും പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തിയതായും പരാതിയുണ്ട്. നേരത്തെ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ പൂജ നടത്തിയതിന് മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുത്തത് ചൂണ്ടിക്കാട്ടിയിട്ടും ഉദ്യോഗസ്ഥർ പിന്മാറിയില്ല; ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലെ സ്റ്റേഷനിൽ നടന്ന ഈ സംഭവം സേനയ്ക്കുള്ളിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.





