തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ്. അഖിലിന്റെ യോഗ്യതയെ ചോദ്യം ചെയ്തും രാജ്മോഹൻ ഉണ്ണിത്താനെ വിമർശിച്ചും നേമം ഷജീർ രംഗത്തെത്തി. താൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും അഖിലിനെ കണ്ടിട്ടില്ലെന്നും, പൊലീസിന്റെ തല്ലുകൊള്ളാനോ ഒരു ദിവസം പോലും ജയിലിൽ കിടക്കാനോ കൂടെ ഉണ്ടായിട്ടില്ലാത്ത അഖിലിന്റെ ശരീരത്തിൽ ജലപീരങ്കിയുടെ ഒരു തുള്ളി വെള്ളം പോലും വീണിട്ടില്ലെന്നും ഷജീർ കുറ്റപ്പെടുത്തി; സമരത്തിൽ പങ്കെടുത്ത ചിത്രമുണ്ടെങ്കിൽ പുറത്തുവിടട്ടെ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ കറങ്ങിയാൽ സംസ്ഥാന അധ്യക്ഷനാകാമെന്ന ധാരണ വേണ്ടെന്നും, ഉമ്മൻ ചാണ്ടിയുടെ ഭക്തനായതിനാൽ സംസ്ഥാന പ്രസിഡന്റാക്കണമെന്ന് പറയുന്നത് ഉളുപ്പില്ലായ്മയാണെന്നും ഷജീർ വിമർശിച്ചു. മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കുന്ന ചാരപ്പണി മാത്രമാണ് അഖിൽ ചെയ്തതെന്നും, അഖിലിന്റെ പേര് അഖിൽ മാത്രമാണ് പറയുന്നതെന്നും പരിഹസിച്ച ഷജീർ, അഖിലിനെപ്പോലെ ഒരാളെ സംസ്ഥാന പ്രസിഡന്റാക്കാത്തത് ഷാഫി പറമ്പിൽ എടുത്ത മികച്ച നടപടിയാണെന്നും പറഞ്ഞു.
അഖിലിന്റെ പേര് എഴുതിക്കൊടുത്ത ഉമ്മൻ ചാണ്ടിയുടെ കത്തുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും, പലരുടെയും പേരുകളുള്ള കത്തിൽ അഖിലിന്റെ പേര് മാത്രമായി ഒരു കത്തുമില്ലെന്നും നേമം ഷജീർ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരാണ് ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചതെന്നും കേരളം മുഴുവൻ ഓടിനടന്ന് സംഘടന നോക്കാൻ രാഹുലിനോട് അദ്ദേഹം പറഞ്ഞിരുന്നുവെന്നും വെളിപ്പെടുത്തിയ ഷജീർ, അന്ന് വാമനപുരം എം.എൽ.എ സുധീർഷ പാലോട് അടക്കമുള്ളവർ കൂടെയുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
ഷാഫി പറമ്പിലിനെപ്പോലൊരു മികച്ച യുവനേതാവിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ നടന്ന ഗൂഢാലോചന കെ.പി.സി.സി അന്വേഷിക്കണമെന്നും, ഇക്കാര്യത്തിൽ കെ.പി.സി.സിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ഷജീർ അറിയിച്ചു. രാജ്മോഹൻ ഉണ്ണിത്താനും അഖിലും ജനങ്ങളുടെ പ്രശ്നങ്ങൾ സംസാരിച്ച് എപ്പോഴെങ്കിലും മുന്നിലേക്ക് വന്നിട്ടുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, രാജ്മോഹൻ ഉണ്ണിത്താന്റെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ യൂത്ത് കോൺഗ്രസിന് ശേഷിയുണ്ടെന്നും ഉമ്മൻ ചാണ്ടിയുടെ കുടുംബം ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.





