തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ നേമം ഷജീർ ഉയർത്തിയ വിമർശനങ്ങൾക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമറുപടിയുമായി ജെ.എസ്. അഖിൽ രംഗത്തെത്തി. ആളെ കൂട്ടിയും പൊലീസിന്റെ അടി കൊണ്ടും ജലപീരങ്കി നനഞ്ഞും തന്നെയാണ് താൻ ഇവിടെവരെ എത്തിയതെന്നും, സമരങ്ങളിൽ പങ്കെടുത്തതും ജയിലിൽ കിടന്നതും പേരിലുള്ള പൊലീസ് കേസുകളുടെ വിവരങ്ങളും തെളിയിച്ചാൽ ആരോപണമുന്നയിക്കുന്ന വ്യക്തിയും അതിന് കുടപിടിക്കുന്നവരും പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറുണ്ടോ എന്നും അഖിൽ വെല്ലുവിളിച്ചു.
താൻ തെരുവിൽ സമരങ്ങളിൽ പങ്കെടുക്കുന്ന കാലത്ത് നേമം ഷജീർ ഏത് വർഗീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്നും, ഏത് കാലത്താണ് യൂത്ത് കോൺഗ്രസിലേക്ക് വന്നതെന്നും, ആരുടെ പെട്ടി താങ്ങിയാണ് വളരെ പെട്ടെന്ന് ജില്ലാ പ്രസിഡന്റായതെന്നും പ്രസ്ഥാനത്തിലെ സാമാന്യബോധമുള്ളവർക്ക് അറിയാമെന്ന് അഖിൽ വിമർശിച്ചു. കെ.എസ്.യു ഭാരവാഹിത്വത്തിലൂടെ സെനറ്റ് മെമ്പറായും സിൻഡിക്കേറ്റ് മെമ്പറായും സംസ്ഥാന കെ.എസ്.യു ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചതായും, സ്വന്തം നാട്ടിലും ജില്ലയിലും പങ്കെടുത്ത സമരങ്ങളുടെയും പൊതുപരിപാടികളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും വിവരാവകാശം നൽകിയാൽ ജയിൽവാസത്തിന്റെയും കേസുകളുടെയും വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
മറ്റാരേക്കാളും യോഗ്യതയുണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉമ്മൻ ചാണ്ടി തന്നെ പരിഗണിച്ചതെന്നും പലയിടങ്ങളിലും പേര് നിർദ്ദേശിച്ചതെന്നും വ്യക്തമാക്കിയ അഖിൽ, ആ പരിഗണനയും കുതികാൽ വെട്ടാതെ മരണം വരെ അദ്ദേഹത്തിനൊപ്പം നിന്നതുമാണ് തന്റെ യോഗ്യതയെന്ന് കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കാൻ ആരോപണമുന്നയിക്കുന്നവർ വളർന്നിട്ടില്ലെന്നും, മറഞ്ഞിരുന്ന് ആരോപണം ഉന്നയിപ്പിക്കുന്നവർക്കൊക്കെ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെ അടുക്കളയിൽ വരെ ബന്ധമുണ്ടായിരുന്നവരാണെന്നും, എന്നാൽ അദ്ദേഹത്തെ കല്ലെറിഞ്ഞവർക്കും തള്ളിപ്പറഞ്ഞവർക്കും ആ വീട്ടിലേക്ക് കയറിച്ചെല്ലാൻ കഴിയില്ലെന്നും അഖിൽ ഓർമ്മിപ്പിച്ചു.
ജെ.എസ്. അഖിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കണമെന്ന് ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചിരുന്നുവെന്നും, ആ കുറിപ്പടി വലിച്ചുകീറിയാണ് ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രസിഡന്റാക്കിയതെന്നുമായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ. ഇതിനുപിന്നാലെ അഖിലിനെ ഒരു സമരത്തിൽ പോലും കണ്ടിട്ടില്ലെന്നും അഖിലിനെപ്പോലുള്ളവരെ പ്രസിഡന്റാക്കാതിരുന്നതാണ് ഷാഫി എടുത്ത മികച്ച നടപടിയെന്നും നേമം ഷജീർ ആക്ഷേപം ഉന്നയിച്ചിരുന്നു.





