തിരുവനന്തപുരം: എൽ.പി.എസ്.ടി (LPST) സമരക്കാരുടെ പ്രധാന ആവശ്യമായ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സമരക്കാർ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണവും സർക്കാർ അംഗീകരിച്ചതായും, നടപ്പിലാക്കാൻ കഴിയാത്ത ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും ചോദിച്ച അദ്ദേഹം സമരക്കാരുമായി ഇനിയും ചർച്ച നടത്തുമെന്ന് അറിയിച്ചു.
നിലവിലെ 1:30 എന്ന അനുപാതം സമരക്കാരുടെ ആവശ്യപ്രകാരം 1:25 ആക്കി കുറച്ചാലും പുതിയ അധ്യാപക തസ്തികകൾ വർദ്ധിക്കില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ആകെ എൽ.പി വിദ്യാർത്ഥികളുടെ എണ്ണം മൂന്നര ലക്ഷവും അധ്യാപകരുടെ എണ്ണം 18,856-ഉം ആയതിനാൽ യഥാർത്ഥ കണക്കനുസരിച്ച് 1:19 എന്ന അനുപാതത്തിൽ നിലവിൽ അധ്യാപകരുണ്ടെന്നും, പല ജില്ലകളിലും ഇതിലും കുറഞ്ഞ അനുപാതമാണുള്ളതെന്നും വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയാണെന്നും അദ്ദേഹം വിശദീകരിച്ചു; ഡിവിഷൻ ഫാൾ സംഭവിച്ചാൽ അധ്യാപകരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഇല്ലാത്ത ഒഴിവുകളിൽ അഭിമുഖം നടത്തി പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന സാഹചര്യം പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിക്കാനും പി.എസ്.സിയുമായി കൂടിയാലോചിച്ച് ആവശ്യമായ ഭേദഗതികൾ വരുത്താനും സർക്കാർ തീരുമാനിച്ചു. ഇപ്പോഴത്തെ രീതിയിൽ ഒന്നാം റാങ്കുകാർക്ക് പോലും ജോലി നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും, നിലവിലെ ലിസ്റ്റ് നീട്ടിയാൽ അടുത്ത ലിസ്റ്റിലുള്ളവർ പരാതിയുമായി എത്തുമെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, വിഷയത്തിൽ നിലനിൽക്കുന്ന അവ്യക്തത പരിഹരിക്കാൻ സമരക്കാരുമായി വീണ്ടും ചർച്ച നടത്തുമെന്നും വ്യക്തമാക്കി.





