കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരുന്ന ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്.ഡി) തുക രഹസ്യമായി പിൻവലിച്ച ശേഷം കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ തിരുവനന്തപുരം സ്വദേശി പി.ബി. സൗരഭന്റെ (73) ജാമ്യവും ശിക്ഷ മരവിപ്പിച്ച ഉത്തരവും കേരള ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് സി.ബി.ഐ നൽകിയ അപേക്ഷ പരിഗണിച്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്; പ്രതി ഉടൻ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ കീഴടങ്ങണമെന്നും, അല്ലാത്തപക്ഷം ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഒറിജിനൽ എഫ്.ഡി രസീതുകൾ കോടതിയുടെ പക്കലിരിക്കെ പണം വിട്ടുനൽകിയതിൽ പ്രതിയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും, കോടതിയെ വഞ്ചിച്ച കുറ്റത്തിന് പ്രതിക്കും പങ്കാളികളായ മറ്റുള്ളവർക്കുമെതിരെ ക്രിമിനൽ നടപടിക്രമം അനുസരിച്ച് നടപടിയെടുക്കുന്നത് പരിഗണിക്കാൻ തിരുവനന്തപുരം സി.ബി.ഐ കോടതിക്കും ഹൈക്കോടതി നിർദ്ദേശം നൽകി.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2026 മാർച്ച് 21-നാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി പി.ബി. സൗരഭനെ മൂന്ന് വർഷം കഠിനതടവിനും 71 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്; പിഴയടച്ചില്ലെങ്കിൽ കോടതി കസ്റ്റഡിയിലുള്ള 64.18 ലക്ഷം രൂപയുടെ മൂന്ന് എസ്.ബി.ഐ എഫ്.ഡി രസീതുകൾ സർക്കാരിലേക്ക് കണ്ടുകെട്ടുമെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ നിക്ഷേപങ്ങൾ കോടതിയുടെ പക്കൽ സുരക്ഷിതമായി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി 2026 ഏപ്രിൽ 17-ന് ഹൈക്കോടതിയിൽ നിന്ന് ശിക്ഷയ്ക്ക് സ്റ്റേയും ജാമ്യവും നേടുകയായിരുന്നു.
വിധിക്ക് ശേഷം എഫ്.ഡികൾ 10 വർഷത്തേക്ക് കൂടി പുതുക്കാൻ സി.ബി.ഐ കോടതി എസ്.ബി.ഐ പോങ്ങുമ്മൂട് ശാഖയ്ക്ക് നിർദ്ദേശം നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. 2021 ജനുവരി 20-ന് തന്നെ പ്രതി ഈ അക്കൗണ്ടുകൾ ക്ലോസ് ചെയ്ത് പണം തന്റെയും ഭാര്യയുടെയും ജോയിന്റ് അക്കൗണ്ടിലേക്കും തുടർന്ന് ഭാര്യയുടെ പേരിലുള്ള നിക്ഷേപങ്ങളിലേക്കും മാറ്റിയതായി എസ്.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു.





