മലപ്പുറം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം ബാധിക്കുകയും പ്രതിരോധശേഷി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്ത ഗുരുതരാവസ്ഥയിലൂടെ താൻ കടന്നുപോയിട്ടുണ്ടെന്ന് ഗായകൻ സലീം കോടത്തൂർ വെളിപ്പെടുത്തി. എട്ട് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് താൻ രോഗമുക്തനായതെന്നും, വലിയ ശാരീരിക-മാനസിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
പത്ത് വർഷം മുമ്പ് ഒരു പാട്ടുകാരന്റെ നിറം വർദ്ധിച്ചത് കണ്ട് അന്വേഷിച്ചതനുസരിച്ച് കാസർകോടുള്ള സുഹൃത്ത് വഴിയാണ് സലീം ഈ ക്രീം വാങ്ങിയത്. നിയമവശങ്ങൾ ഉള്ളതിനാൽ പേര് വെളിപ്പെടുത്താത്ത ക്രീം ഏകദേശം ഒന്നൊന്നര ബോട്ടിൽ ഉപയോഗിച്ചതോടെ നിറം വെച്ചെങ്കിലും, ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ മൂത്രത്തിൽ അണുബാധ അനുഭവപ്പെടുകയും ഒന്നരമാസത്തോളം നിരന്തരം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തു.
പിന്നീട് കൺപോളകളിലും കാലിലും നീര് വരികയും ശരീരം ക്ഷീണിക്കുകയും ചെയ്തതോടെ നടത്തിയ മൂത്രപരിശോധനയിലാണ് ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥ കണ്ടെത്തിയത്. ശരീരത്തിൽ പ്രോട്ടീൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഒന്നുകിൽ വൃക്കയോ അല്ലെങ്കിൽ രക്തമോ തകരാറിലാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
എല്ലാ മാസവും മൂന്ന് ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നതിനൊപ്പം ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമെന്ന സാഹചര്യവുമുണ്ടായി; നാല് മാസം കൊണ്ട് രോഗം മൂർച്ഛിക്കുകയും മരുന്നുകൾ ഏൽക്കാതാവുകയും ചെയ്തതോടെ പല്ലുകൾ എടുക്കേണ്ടി വരികയും മുഖം കരിവാളിക്കുകയും ആളുകൾക്കിടയിലേക്ക് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു.
എല്ലാവരുടെയും പ്രാർത്ഥനയാൽ എട്ടുമാസത്തെ ചികിത്സയ്ക്ക് ശേഷം രോഗം പൂർണ്ണമായും മാറിയത് ഡോക്ടർമാർക്ക് പോലും അത്ഭുതമായിരുന്നെന്ന് സലീം പറയുന്നു. എങ്കിലും ഇപ്പോഴും കടുത്ത ക്ഷീണവും ഉറക്കമില്ലായ്മയും തുടരുകയാണെന്നും പെപ്സി, കോള, സോഡ, അച്ചാർ, പപ്പടം എന്നിവ കഴിക്കാൻ സാധിക്കാറില്ലെന്നും, ക്രീം ഉപയോഗിച്ചതിന്റെ ഫലമായി ഇന്ന് തനിക്ക് വേദനസംഹാരികൾ (പെയിൻ കില്ലർ) പോലും ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറത്ത് വ്യാജ ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളിൽ ഹാനികരമായ പദാർത്ഥങ്ങൾ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവർധക വസ്തുക്കളാണ് പിടിച്ചെടുത്തത്.





