തിരുവനന്തപുരം: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കുമെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജ പരസ്യങ്ങളിലൂടെ ഗുളികകൾ, ഓയിന്റ്മെന്റ്, തൈലം എന്നിവ വിറ്റഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. മംഗലാപുരം-കാസർകോട് കേന്ദ്രീകരിച്ചാണ് ഇത്തരം ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് ഓൺലൈനായി വിറ്റഴിക്കുന്നത്; പാക്കിസ്ഥാൻ വഴിയെത്തുന്ന ഇവയിൽ നിർമ്മാതാക്കളുടെ പേര്, നിർമ്മാണ തീയതി, കാലാവധി എന്നിവയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളിൽ മെർക്കുറി ഉൾപ്പെടെ ശരീരത്തിന് ഹാനികരമായ പദാർത്ഥങ്ങൾ അടങ്ങിയതും കോസ്‌മെറ്റിക്‌സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവർധക വസ്തുക്കളാണ് പിടിച്ചെടുത്തത്. വൃക്ക, കരൾ, ഞരമ്പ് സംബന്ധമായ രോഗങ്ങൾക്കും സ്കിൻ ക്യാൻസറിനും ഇവ കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നതിനാൽ, ഇത്തരം വസ്തുക്കൾ അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശാനുസരണം മാത്രമേ വാങ്ങി ഉപയോഗിക്കാവൂയെന്നും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.





