കൊച്ചി: പത്മജ വേണുഗോപാലിന്റേത് കോൺഗ്രസ് രക്തമാണെന്ന കെ.വി. തോമസിന്റെ പരാമർശത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനവുമായി ഡോ. ജിന്റോ ജോൺ രംഗത്തെത്തി. പിണറായിയുടെ പുട്ടും കടലയും കഴിച്ചിട്ട് ബി.ജെ.പിയിലേക്ക് പാലം പണിയാൻ പോയ ഒറ്റുകാരനാണ് കെ.വി. തോമസ് എന്ന് ജിന്റോ ജോൺ ആരോപിച്ചു.
ഇത്തരം കാര്യങ്ങൾ പറയാൻ കെ.വി. തോമസ് ആരാണെന്നും, ഒറ്റുകാർക്ക് പരസ്പരം രക്തഗുണം തിരിച്ചറിയാൻ സാധിക്കുമല്ലോ എന്നും അദ്ദേഹം പരിഹസിച്ചു. നേരത്തെ പാർട്ടി വിട്ടുപോയവർ തിരിച്ചുവന്നതുപോലെ ഇനിയും ഓടിക്കയറാമെന്ന് കെ.വി. തോമസ് കരുതേണ്ടതില്ലെന്നും, അങ്ങനെ തോന്നിയപോലെ നടന്നതിന്റെ പ്രായശ്ചിത്തം ചെയ്യേണ്ടി വന്നത് സാധാരണ പ്രവർത്തകരാണെന്നും ജിന്റോ ജോൺ പറഞ്ഞു.
കോൺഗ്രസിൽ നിന്ന് പരമാവധി അധികാരം പങ്കുപറ്റിയ ശേഷവും വികസനം പോരെന്ന് പറഞ്ഞ് തൃക്കാക്കരയിലെത്തി കോൺഗ്രസിനെ ആക്ഷേപിച്ചത് മറന്നിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കാൻ പ്രാപ്തിയുള്ള ആളുകളുള്ളതിനാൽ തൽക്കാലം കെ.വി. തോമസ് വിശ്രമിക്കണമെന്നും വിസിറ്റിംഗ് പ്രൊഫസർമാരുടെ സാരോപദേശം ഇപ്പോൾ ആവശ്യമില്ലെന്നും ജിന്റോ ജോൺ വ്യക്തമാക്കി; അധികാരമില്ലാതെ അല്പകാലം ജീവിക്കാൻ സാധിക്കുമെന്ന് തെളിയിക്കണമെന്നും, വീണ്ടും 'അവഗണന' നേരിടാൻ എന്തിനാണ് കോൺഗ്രസിലേക്കുള്ള ഇടവഴി തേടുന്നതെന്നും അദ്ദേഹം ചോദിച്ചു.





