തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി വിവാദം വീണ്ടും ചർച്ചയാക്കിയ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടിയുടെയും പരസ്യപ്രസ്താവനകളിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അതൃപ്തി രേഖപ്പെടുത്തി. അടഞ്ഞ അധ്യായങ്ങൾ വീണ്ടും തർക്കവിഷയമാക്കരുതെന്ന് നിഷ്കർഷിച്ച സെക്രട്ടേറിയറ്റ്, ഇരുവരുടെയും പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിലയിരുത്തി.
പി.എം. ശ്രീ കരാറിൽ ഒപ്പിട്ടത് തെറ്റായിപ്പോയെന്നും ദുർബലനിമിഷത്തിലാണ് അത് വേണ്ടിവന്നതെന്നുമുള്ള ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന അനവസരത്തിലുള്ളതായെന്ന് യോഗം നിരീക്ഷിച്ചു. കരാറിൽ ഒപ്പിടാൻ ഇടയായ സാഹചര്യം പാർട്ടിയും സർക്കാരും അന്നുതന്നെ വിശദീകരിച്ചിരുന്നതാണെന്നും, കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചെങ്കിലും മുൻ സർക്കാർ തെറ്റുചെയ്തെന്ന കുറ്റപ്പെടുത്തലിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
രാമകൃഷ്ണന്റെ പ്രസ്താവന വന്നയുടൻ എടുത്തുചാടി പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സെക്രട്ടേറിയറ്റ്, ഇത്തരം വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്ത ശേഷം സെക്രട്ടറിയാണ് അഭിപ്രായം പറയുന്നതെന്ന് വി. ശിവൻകുട്ടിയെ ഓർമ്മിപ്പിച്ചു. അബദ്ധത്തിൽ ഒപ്പിട്ടെന്ന് പറയുന്നത് ശരിയല്ലെന്നും കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ദുർബല നിമിഷമില്ലെന്നുമായിരുന്നു രാമകൃഷ്ണനുള്ള ശിവൻകുട്ടിയുടെ മറുപടി; യോഗത്തിൽ ടി.പി. രാമകൃഷ്ണൻ പങ്കെടുത്തിരുന്നില്ല.
രാമകൃഷ്ണന്റെ തുറന്നുപറച്ചിലിനെ സ്വാഗതം ചെയ്ത സി.പി.ഐ, അത് തങ്ങളുടെ പോരാട്ടത്തിന്റെ കൂടി വിജയമാണെന്ന് അവകാശപ്പെട്ടതോടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ശിവൻകുട്ടി രംഗത്തെത്തുകയും സി.പി.ഐ.എം-സി.പി.ഐ വാക്പോര് വീണ്ടും തുടങ്ങിയെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.
ഇടതു സർക്കാരിന്റെ നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങൾക്കും നാല് മന്ത്രിമാരുണ്ടായിരുന്ന സി.പി.ഐക്ക് ഉത്തരവാദിത്തമുണ്ടെന്നും, ഏത് പ്രശ്നം വന്നാലും പി.എം. ശ്രീ വിഷയം വീണ്ടും ഉയർത്തിപ്പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ലെന്നും ശിവൻകുട്ടി വിമർശിച്ചിരുന്നു. തങ്ങൾ തിരുത്തിയതുകൊണ്ടാണ് എൽ.ഡി.എഫിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചതെന്ന വാദഗതി ശരിയല്ലെന്നും, എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആ കാര്യങ്ങൾ ചർച്ച ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.





