തിരുവനന്തപുരം: പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ പദവിയിൽ നിന്ന് മാറ്റി. പകരം ചുമതല അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് കൈമാറി. കമ്മീഷണറുടെ പ്രവർത്തനങ്ങൾക്കെതിരെ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി.
കമ്മീഷണറുടെ നടപടികൾ വകുപ്പിന് നാണക്കേടുണ്ടാക്കിയെന്നും തീരുമാനങ്ങളിൽ ദുരൂഹതയുണ്ടെന്നും കഴിഞ്ഞ ദിവസം മന്ത്രി പരസ്യമായി വിമർശിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഉൾപ്പെടെ പുതിയ ബാറുകൾ അനുവദിച്ചത് സർക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചിക്കാതെയാണെന്നും, ഇതിൽ ഇടപെടാൻ നിയമോപദേശം തേടിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു. ഭരണനേതൃത്വം അറിയേണ്ട സുപ്രധാന കാര്യങ്ങളിൽ താഴെത്തട്ടിൽ തീരുമാനമെടുക്കാൻ അവസരമൊരുക്കിയത് മുൻ ഇടതു സർക്കാരാണെന്നും ഇത്തരം പഴുതുകൾ അടയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.





