തിരുവനന്തപുരം: വാഹനങ്ങളിൽ വരുത്തുന്ന രൂപമാറ്റങ്ങൾക്ക് ഇളവുകളോ അനുമതിയോ നൽകാൻ സംസ്ഥാന സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയെ അറിയിച്ചു. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 52 പ്രകാരം കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും വിധേയമായി മാത്രമേ വാഹനങ്ങളിൽ മാറ്റങ്ങൾ അനുവദിക്കാനാകൂ എന്നും കെ.എൻ. ബാലഗോപാലിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി രേഖാമൂലം വ്യക്തമാക്കി.
അനധികൃത രൂപമാറ്റം വരുത്തുന്ന വാഹനങ്ങളിൽ നിന്ന് 5,000 രൂപ വീതമാണ് പിഴ ഈടാക്കുന്നത്. ഇത്തരത്തിൽ മെയ് 18 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ മാത്രം സംസ്ഥാനത്ത് 5.53 കോടി രൂപ പിഴയായി ചുമത്തിയെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര നിയമപ്രകാരം ആർസി ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളിൽ വാഹന ഉടമകൾക്ക് സ്വമേധയാ മാറ്റം വരുത്താൻ സാധിക്കില്ല. നിറം മാറ്റുന്നത് അടക്കമുള്ള കാര്യങ്ങൾ സുരക്ഷാ ചട്ടങ്ങൾ പാലിച്ച് അംഗീകൃത ഡീലർമാർ വഴിയോ സർട്ടിഫൈഡ് വർക്ക്‌ഷോപ്പുകൾ വഴിയോ മാത്രമേ ചെയ്യാനാകൂ എന്നതിനാൽ സംസ്ഥാനത്തിന് മാത്രമായി പ്രത്യേക ഇളവുകൾ അനുവദിക്കാൻ കഴിയില്ല.
വാഹന രൂപമാറ്റത്തിന് അനുമതി നൽകുമെന്ന് സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് മുഖ്യമന്ത്രി വി.ഡി. സതീശൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, വിഷയത്തിൽ യുവജന വാഹന ഉടമകളുടെ സംഘടനകളുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രിയുടെ മറുപടി, ചർച്ചകൾ പുരോഗമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാടിനെ തള്ളുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.





