തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ അഞ്ച് ആവശ്യങ്ങളും സർക്കാർ ഉത്തരവായി ഇറങ്ങുന്നതുവരെ സമരം തുടരുമെന്നും, തങ്ങളുടെ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സമര സമിതി കൺവീനർ വളർമതി വ്യക്തമാക്കി. നടത്താത്ത പ്രതിഷേധങ്ങളുടെ പേരിൽ കള്ള എഫ്ഐആർ ചുമത്തുകയാണെന്നും, ആറ് ദിവസം നിരാഹാരം കിടന്ന തന്നെ ഇന്നലെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും സമരവേദിയിൽ തിരിച്ചെത്തിയ ശേഷം അവർ ആരോപിച്ചു.
ജനനനിരക്ക് കുറഞ്ഞ സാഹചര്യം മുൻനിർത്തി അധ്യാപക-വിദ്യാർത്ഥി അനുപാതം പുനർനിർണയിക്കണമെന്നാണ് പ്രധാന ആവശ്യമെന്നും, കോഴ നിയമനങ്ങൾക്ക് കൂട്ടുനിൽക്കുന്ന സർക്കാർ എയ്ഡഡ് സ്കൂളുകൾക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും അവർ കുറ്റപ്പെടുത്തി. 45 ദിവസമായി സമരം തുടരുന്നിട്ടും വിദ്യാഭ്യാസ വകുപ്പ് തഴയുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ആശുപത്രിയിൽ വെച്ച് ഡോക്ടർ ഫോൺ വരെ പിടിച്ചുവാങ്ങിയെന്ന് പറഞ്ഞ വളർമതി, മരണം സംഭവിച്ചാലും പിന്മാറില്ലെന്നും നാളെ യുവാക്കളെ അണിനിരത്തി സമരം കൂടുതൽ ശക്തമാക്കുമെന്നും വ്യക്തമാക്കി.
ഉദ്യോഗാർത്ഥികൾക്ക് നീതി തേടി നിരാഹാരം കിടന്ന വളർമതിയെ ഇന്നലെ ബലംപ്രയോഗിച്ച് പോലീസ് ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിന് മുന്നിൽ വലിയ സംഘർഷം ഉടലെടുത്തിരുന്നു. ഉദ്യോഗാർത്ഥികൾ പ്രഖ്യാപിച്ച കൂട്ട നിരാഹാരത്തിന് പിന്തുണയുമായി യുവമോർച്ച, എബിവിപി പ്രവർത്തകർ എത്തിയതോടെ പോലീസുമായി കടുത്ത വാക്കേറ്റമുണ്ടായി. തുടർന്ന് ഇന്നലെ രാത്രിയോടെയാണ് വളർമതിയെ വീണ്ടും സമരവേദിയിലേക്ക് കൊണ്ടുവന്നത്.





