വയനാട്: ഇടത് യുവജന നേതാക്കൾ നടൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഉയർന്ന സൈബർ വിവാദങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ തർക്കങ്ങളിൽ കൃത്യമായ വിശദീകരണം നൽകി ആ വിഷയം നേരത്തെ തന്നെ അവസാനിപ്പിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ താരം തന്നെ നേരിട്ട് വീഡിയോ കോളിൽ വിളിച്ച് സംസാരിച്ച വിവരങ്ങൾ ഉൾപ്പെടെ അന്നുതന്നെ പരസ്യമായി എല്ലാവരുമായും പങ്കുവെച്ചിരുന്നതാണെന്നും റഫീഖ് ഓർമ്മിപ്പിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ശ്രീ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഒരുവശത്ത് എന്റെ പേര് കൂടി ആവര്‍ത്തിക്കപ്പെടുന്നതിനാലാണ് ഈ വിഷയത്തില്‍ വീണ്ടും പ്രതികരിക്കുന്നത്. ശ്രീ മമ്മൂട്ടിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വ്യക്തത വരുത്തി ആ വിഷയം അവസാനിപ്പിച്ചതാണ്. ശ്രീ മമ്മൂട്ടി നേരിട്ട് വീഡിയോ കോളിലൂടെ സംസാരിച്ചത് അടക്കം ചൂണ്ടിക്കാണിച്ച് ആ വിഷയം അവിടെ തീര്‍ന്നെന്ന് ആ ഘട്ടത്തില്‍ തന്നെ പരസ്യമായി എല്ലാവരുമായും പങ്ക് വെച്ചതുമാണ്.
രാജ്യത്തെ മുഴുവന്‍ ബഹുജന കൂട്ടായ്മകളുമായി ഇടതുപക്ഷം ഐക്യദാര്‍ഢ്യപ്പെടുന്ന ഘട്ടത്തില്‍ ഇത്തരം വിഷയങ്ങളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ നമ്മുടെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ശ്രദ്ധതിരിക്കാനും അതിന്റെ സ്വീകാര്യതയെ ബാധിക്കാനുമാണ് ഉപകരിക്കുക എന്നത് നാമെല്ലാം കാണേണ്ടതുണ്ടല്ലോ. കേരളത്തിന്റെ കലാകാരന്‍മാരെയും രാഷ്ട്രീയത്തിന് അതീതമായ അവരുടെ ഇടങ്ങളെയും നമ്മള്‍ എല്ലാക്കാലവും അംഗീകരിച്ചിട്ടുണ്ട്. അത് തന്നെയാണ് സഖാക്കള്‍ എന്ന നിലയില്‍ നമ്മള്‍ ചേര്‍ത്ത് പിടിക്കുന്ന ജനാധിപത്യ ബോധത്തിന്റെ ഭംഗിയും വലുപ്പവും. വിമര്‍ശനവും സ്വയംവിമര്‍ശനവും തിരുത്തലും ഉണ്ടായ ഒരു വിഷയം കാലാകാലത്തോളം ഇങ്ങനെ ഉയരുന്നത് നാട്ടിലെ പുരോഗമന ജനാധിപത്യ കൂട്ടായ്മയ്ക്ക് എത്രമാത്രം ഗുണകരമാണ് എന്ന് നമുക്കോരോരുത്തര്‍ക്കും ചിന്തിക്കാം. ഇത്തരം കാര്യങ്ങളെ മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ അവര്‍ക്കനുകൂലമായ വിവരണം സൃഷ്ടിച്ച് എരിതീയില്‍ എണ്ണ ഒഴിച്ച് തുടങ്ങിയതും നമ്മള്‍ കാണാതിരിക്കരുത്.ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമുള്ള അന്ന് പറഞ്ഞ അഭ്യര്‍ത്ഥന തന്നെയാണ് എല്ലാ സുഹൃത്തുക്കളോടും വീണ്ടും പറയാനുള്ളത്. ഈ വിഷയം വിശദീകരിച്ച സമയത്ത് പറഞ്ഞ് അവസാനിപ്പിച്ചത് തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ്.''ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാല്‍ പരിഭവങ്ങളും തര്‍ക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേര്‍ന്ന് നില്‍ക്കാന്‍ എന്താണ് തടസ്സം.'





