കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. സുഹൈലിനെ കൂടാതെ നിനവ്, ജോയൽ, അമീൻ എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്; കഴിഞ്ഞ തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷയിന്മേലുള്ള വാദം പൂർത്തിയായത്.
നേരത്തെ അങ്കമാലി കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചിരുന്നു. 14 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് ഇവർ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ പുതിയ സിസിടിവി ദൃശ്യങ്ങൾ, ശബ്ദരേഖ എന്നിവ ലഭിച്ച സാഹചര്യത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
കേസിൽ നിർണ്ണായക തെളിവായി മാറിയത് മൂന്നാം പ്രതിയായ ജോയലിന്റെ ശബ്ദരേഖയാണ്. സുഹൈൽ അമിതമായി മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ചെന്നും, അപകടത്തിന് ശേഷം തങ്ങൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നും ജോയൽ സുഹൃത്തിനയച്ച ഓഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തിയിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ 'വാപ്പ നോക്കിക്കോളും' എന്ന് സുഹൈൽ പറഞ്ഞ കാര്യവും ഈ ശബ്ദരേഖയിലുണ്ട്.





