കൊല്ലം: കൊല്ലം നഗരത്തിൽ നടന്ന എസ്എഫ്ഐ പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ച അക്ബർ ഷായ്ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന എസ്എഫ്ഐയുടെ വാദങ്ങൾ തള്ളി കെഎസ്‌യു നേതൃത്വം. അക്ബർ ഷാ എസ്എഫ്ഐ കിളിക്കൊല്ലൂർ ലോക്കൽ കമ്മിറ്റിയുടെ മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നുവെന്ന് വ്യക്തമാക്കിയ കെഎസ്‌യു, ഇയാൾ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നുവെന്ന് സമർത്ഥിക്കുന്ന പോസ്റ്ററും പരസ്യപ്പെടുത്തി.
തിരുവനന്തപുരത്തുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് കൊല്ലത്ത് എസ്എഫ്ഐ നടത്തിയ പ്രകടനത്തിനിടയിലായിരുന്നു ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം സ്ഥാപിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ഫ്ലെക്സ് ബോർഡ് തകർക്കപ്പെട്ടത്. മാർച്ചിൽ പങ്കെടുത്ത ഇയാൾ കോൺഗ്രസ് വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് ബോർഡ് വലിച്ചുചീന്തിയത്. ഇന്നലെ ഉച്ചയോടെ എസ്എൻ കോളേജ് ജംഗ്ഷനിൽ നിന്നായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച് ആരംഭിച്ചത്.
സംഭവത്തിന് തൊട്ടുപിന്നാലെ എസ്എഫ്ഐയുടെ ഈ വീഴ്ചയിൽ കടുത്ത അമർഷം രേഖപ്പെടുത്തി സിപിഐഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. സംഘടനയ്ക്ക് ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നും പാർട്ടിയെ ആകെ പ്രതിരോധത്തിലാക്കുന്ന നടപടിയാണിതെന്നും സിപിഐഎം നേതൃത്വം വിലയിരുത്തി. എന്നാൽ, ഫ്ലെക്സ് തകർത്ത വ്യക്തിക്ക് തങ്ങളുമായി ഒരുവിധ ബന്ധവുമില്ലെന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണ് എസ്എഫ്ഐ ജില്ലാ നേതൃത്വം. ഇയാൾക്ക് എസ്എഫ്ഐയിലോ ഡിവൈഎഫ്ഐയിലോ പ്രാഥമിക അംഗത്വം പോലുമില്ലെന്ന് നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.





