തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ പോലീസ് അതിക്രമിച്ചു കയറിയത് അങ്ങേയറ്റം അപലപനീയവും ഹീനവുമായ നടപടിയാണെന്ന് ഡിവൈഎഫ്ഐ. യാതൊരുവിധ പ്രകോപനവുമില്ലാതെ വിദ്യാർത്ഥികൾ വസിക്കുന്ന ഹോസ്റ്റൽ മുറികളിൽ കയറി കണ്ണിൽക്കണ്ടവരെയെല്ലാം പോലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെയുള്ളവരെ പോലീസ് ദാക്ഷിണ്യമില്ലാതെ ആക്രമിച്ചതായും സംഘടന ആരോപിച്ചു.
കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നിർദ്ദേശങ്ങൾക്ക് അടിപ്പെട്ട് വിദ്യാർത്ഥികൾക്ക് നേരെ ഇത്തരം മൃഗീയമായ കടന്നാക്രമണം നടത്തുമ്പോൾ സംസ്ഥാനത്തെ യുവജനപ്രസ്ഥാനം കാഴ്ചക്കാരായി നോക്കിനിൽക്കില്ലെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി. ഹോസ്റ്റലിൽ കടന്ന് വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കാൻ പോലീസിന് ആരാണ് അധികാരം നൽകിയത്? ഹോസ്റ്റൽ വളപ്പിലേക്ക് തീപ്പന്തം വലിച്ചെറിഞ്ഞ യൂത്ത് കോൺഗ്രസുകാരെ പുറത്തു നിർത്തി പോലീസ് വിദ്യാർത്ഥികളെ ആക്രമിക്കാൻ ഹോസ്റ്റലിനകത്തേക്ക് കയറിയത് ആരുടെ ഉത്തരവ് പ്രകാരമാണ്? വിദ്യാർത്ഥികളുടെ തല തല്ലിപ്പൊളിക്കാൻ മാത്രം എന്ത് സാഹചര്യമാണ് ഇവിടെ ഉണ്ടായതെന്നും ഡിവൈഎഫ്ഐ നേതൃത്വം ആരാഞ്ഞു.
ഇത്തരത്തിൽ അക്രമം അഴിച്ചുവിട്ട് മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ വിദ്യാർത്ഥി സമൂഹത്തെ സംരക്ഷിക്കാൻ ഡിവൈഎഫ്ഐ നേരിട്ടിറങ്ങും. തെരുവിൽ നേരിടേണ്ടവരെ അവിടെത്തന്നെ നേരിടുമെന്ന് വ്യക്തമാക്കിയ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്, ഹോസ്റ്റലിൽ അരങ്ങേറിയ പോലീസ് അതിക്രമത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപം വിദ്യാർത്ഥികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതിനെത്തുടർന്ന് പോലീസ് ഹോസ്റ്റലിൽ പ്രവേശിച്ച് ലാത്തിച്ചാർജ്ജ് നടത്തിയതോടെയാണ് ഡിവൈഎഫ്ഐ രംഗത്തെത്തിയത്. പോലീസിന്റെ മർദ്ദനത്തിൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് നടത്തിയ റെസിസ്റ്റൻസ് മാർച്ചിനിടയിലായിരുന്നു സംഘർഷാവസ്ഥ ഉടലെടുത്തത്. മാർച്ചിന് നേരെ ഹോസ്റ്റലിൽ നിന്നും കല്ലും കുപ്പികളും വലിച്ചെറിഞ്ഞതാണ് തർക്കത്തിന് കാരണമായതെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുമ്പോൾ, യൂത്ത് കോൺഗ്രസുകാരാണ് ബോധപൂർവ്വം പ്രകോപനമുണ്ടാക്കിയതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
പോലീസ് നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറ്റ് സിപിഐഎം നേതാക്കളും രംഗത്തെത്തി. പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് പൂർണ്ണമായും ഏകപക്ഷീയമായ ആക്രമണമാണെന്നും എസ്എഫ്ഐ പ്രവർത്തകർ യാതൊരുവിധ പ്രകോപനവും ഉണ്ടാക്കിയിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഹോസ്റ്റലിന് പുറത്തേക്ക് ഇറങ്ങാത്ത കുട്ടികളെപ്പോലും പോലീസ് മുറികളിൽ കയറി അടിച്ചുവെന്നും, പോലീസുമായി സഹകരിക്കാൻ തയ്യാറായ തങ്ങളെ ക്രൂരമായി തല്ലിയോടിക്കുകയാണുണ്ടായതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു.





