തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മൂന്ന് ജില്ലകളിലായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മിന്നൽ പരിശോധന നടത്തി. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലായിരുന്നു ഒരേസമയം റെയ്ഡ്. കേസിലെ ആരോപണവിധേയനായ മുൻ മിൽമ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിന്റെ വസതിയിലും, നെയ്യ് കൊണ്ടുപോയ വാഹനങ്ങളുടെ കരാറുകാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും വിജിലൻസ് പരിശോധന ശക്തമാക്കി.
നടത്തിയ തെരച്ചിലിൽ കേസിന് ബലം നൽകുന്ന സുപ്രധാന രേഖകൾ കണ്ടെത്താനായതായി വിജിലൻസ് അധികൃതർ അറിയിച്ചു. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം പുരോഗമിക്കുന്നത്. മിൽമയിൽ നിന്നും വിപണിനിരക്കിനേക്കാൾ ഉയർന്ന തുക നൽകി നെയ്യ് സംഭരിച്ചതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് എസ്ഐടിയുടെ പ്രധാന കണ്ടെത്തൽ.
ശബരിമലയിലേക്ക് വിതരണത്തിനായി അയച്ച നെയ്യ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് വഴിമധ്യേ മറിച്ചുവിറ്റതായി നേരത്തെ തന്നെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. പത്തനംതിട്ടയിലെ ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നെയ്യ് കടത്തിയത്. കൂടാതെ, ചരക്കുനീക്കത്തിന് കരാറുകാരൻ അസാധാരണമാംവിധം കുറഞ്ഞ തുക ക്വോട്ട് ചെയ്തതും തുടക്കം മുതലേ ദുരൂഹതയുണർത്തിയിരുന്നു.
മിൽമയ്ക്ക് നെയ്യ് വിതരണ കരാർ നൽകുന്നതിനായി പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ ചട്ടവിരുദ്ധമായ ഇടപെടലുകൾ നടന്നതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. 2025-ലെ മകരവിളക്ക് മഹോത്സവത്തിലേക്ക് പുറത്തുനിന്ന് നെയ്യ് വാങ്ങാൻ 2024-ലായിരുന്നു ബോർഡ് തീരുമാനമെടുത്തത്. ഇതിനായി ക്ഷണിച്ച ടെൻഡറിൽ ആറ് കമ്പനികൾ പങ്കെടുത്തു. എന്നാൽ ഈ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ അവ റദ്ദാക്കുകയും, തുടർന്ന് കരാർ നേരിട്ട് മിൽമയ്ക്ക് കൈമാറുകയുമാണുണ്ടായത്. ടെൻഡറിൽ പങ്കെടുത്ത തമിഴ്നാട് കമ്പനി ഒരു ലിറ്റർ നെയ്യിന് 369 രൂപ വാഗ്ദാനം ചെയ്ത സ്ഥാനത്ത്, മിൽമയിൽ നിന്നും ലിറ്ററിന് 510 രൂപ നിരക്കിലാണ് നെയ്യ് വാങ്ങിയത്. ഇപ്രകാരം 1.65 ലക്ഷം ലിറ്റർ നെയ്യ് ഉയർന്ന വിലയിൽ സംഭരിച്ചതിലൂടെ ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.





