തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പൂർണ്ണ പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അമിത് ഷാ പ്രതിഷേധങ്ങൾക്ക് അതീതനായ ആളല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിൽ നിന്ന് ഒളിച്ചോടിയ ചരിത്രമുള്ള ആളാണ് അമിത് ഷാ. കൊല്ലത്തുണ്ടായത് തികച്ചും സ്വാഭാവികമായ ജനാധിപത്യ പ്രതിഷേധം മാത്രമാണ്. മുഖ്യമന്ത്രിക്ക് നേരെ പോലും പരസ്യമായി കരിങ്കൊടി പ്രതിഷേധങ്ങൾ നടക്കാറുള്ള നാട്ടിൽ അമിത് ഷാ ദൈവമൊന്നുമല്ലല്ലോ എന്നും വേണുഗോപാൽ ചോദിച്ചു.
കെ.സി. വേണുഗോപാൽ പക്ഷത്തെ പ്രമുഖ യുവജന നേതാവായ ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു കൊല്ലത്ത് അമിത് ഷായ്ക്കെതിരായ കരിങ്കൊടി സമരം അരങ്ങേറിയത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് അപ്പുറം ഈ വിഷയം ബിജെപിയും യുവമോർച്ചയും ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായി സംസ്ഥാനവ്യാപകമായി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ ബിജെപി കരിങ്കൊടി പ്രതിഷേധങ്ങൾ അഴിച്ചുവിട്ടു. ക്രമസമാധാന തകർച്ച ഉണ്ടാക്കുന്ന തരത്തിൽ ബിജെപിക്കും യുവമോർച്ചയ്ക്കും പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കിക്കൊടുത്തതിലാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അമർഷമുള്ളത്.
അതേസമയം, തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം നടത്തിയ ആർക്കെതിരെയും കേസെടുക്കാൻ പാടില്ലെന്നാണ് വ്യക്തിപരമായ നിലപാടെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. സൈബർ പ്ലാറ്റ്‌ഫോമുകളിൽ സ്വന്തം പാർട്ടിയുടെ നേതാക്കളെ അധിക്ഷേപിക്കുന്നവർ സ്വയം ആത്മപരിശോധന നടത്താൻ തയ്യാറാവണം. സോഷ്യൽ മീഡിയ വഴിയും അല്ലാതെയും മുൻപും നിരവധി കടന്നാക്രമണങ്ങൾ നേരിട്ടിട്ടുള്ളയാളാണ് താൻ; ഇതൊന്നും തന്നെ തെല്ലും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിനകത്തുണ്ടായ തർക്കങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കെ.സി. വേണുഗോപാലിന് നേരെ രൂക്ഷമായ സൈബർ ആക്രമണം അരങ്ങേറിയത്. ഈ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് അനുകൂലികൾക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്.





