കൊച്ചി: നിരത്തുകളിൽ സ്വകാര്യ ബസുകൾ നടത്തുന്ന മരണപ്പാച്ചിലിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി. ഉത്തരവാദപ്പെട്ട അധികാരികളെല്ലാം ഉറക്കത്തിലാണോ എന്ന് കോടതി ചോദിച്ചു. റോഡുകളിൽ നിലവിൽ യാതൊരുവിധ നിയമവാഴ്ചയുമില്ലാത്ത സാഹചര്യമാണ്. കോടതികളെയോ പോലീസിനെയോ നിയമവ്യവസ്ഥയെയോ ഭയമില്ലാത്ത രീതിയിലാണ് സ്വകാര്യ ബസുകൾ ചീറിപ്പായുന്നത്. ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി എന്തും ചെയ്യാമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
റോഡുകളിൽ ബസുകൾ തമ്മിൽ പരസ്പരം യുദ്ധം ചെയ്യുകയാണ്. ഇത് ട്രാഫിക് പോലീസിന്റെ പൂർണ്ണമായ പരാജയമാണെന്ന് വ്യക്തമാക്കിയ കോടതി, ഗതാഗത സുരക്ഷ കർശനമായി ഉറപ്പുവരുത്തണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ പരാമർശങ്ങൾ നടത്തിയത്. റോഡ് സുരക്ഷ മുൻനിർത്തി ഒരു അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടൽ. റോഡുകളിലെ അറ്റകുറ്റപ്പണികൾ കൃത്യമായി പൂർത്തിയാക്കാൻ സർക്കാരിന് കർശന നിർദ്ദേശം നൽകണമെന്നും, ഇത് അപകടങ്ങളുടെ തോത് കുറയ്ക്കാൻ സഹായിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി അപകടങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് സമീപകാലത്തായി സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള രണ്ട് സ്വകാര്യ ബസുകളുടെ ഭീകരമായ മത്സരയോട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാൽനടയാത്രക്കാരൻ തലനാരിഴയ്ക്കാണ് അന്ന് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. മനുഷ്യജീവന് ഭീഷണിയാകുംവിധം അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിന് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട 'അക്ഷയ് അലീന', 'ഷാലിമ' എന്നീ ബസുകൾ ഹാജരാക്കാൻ പോലീസ് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.





